അമ്പലപ്പുഴയിൽ വ്യാപക അക്രമം
1223934
Friday, September 23, 2022 10:27 PM IST
അമ്പലപ്പുഴ: ഹർത്താലിൽ വ്യാപക അക്രമം. വളഞ്ഞവഴിയിൽ നിരവധി വാഹനങ്ങൾക്കുനേരെ കല്ലേറ്. മൂന്നു കെഎസ്ആർടിസി ബസുകൾക്കും ലോറികൾക്കും കാറിനും നേരെയാണ് ആക്രമണം നടന്നത്. രാവിലെ ആറരയോടെയായിരുന്നു ആക്രമണം. കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു വടക്കു ഭാഗത്തും അമ്പലപ്പുഴ ജംഗ്ഷനിലും വളഞ്ഞവഴി എസ്.എൻ. കവല ജംഗ്ഷനു സമീപവുമാണ് കല്ലേറ് നടന്നത്.
കൊടുങ്ങല്ലൂരിലേക്കു പോയ ഫാസ്റ്റ് പാസഞ്ചർ, ഹരിപ്പാടുനിന്ന് ആലപ്പുഴയിലേക്കു പോയ ഓർഡിനറി ബസ്, അമൃത ആശുപത്രിയിലേക്കു പോയ ബസ് എന്നിവയ്ക്കു നേരെയുണ്ടായ ആക്രമണത്തിൽ മുൻവശത്തെ ചില്ലുകൾ തകർന്നു. തൂത്തുക്കുടിയിൽനിന്നു കൊച്ചിയിലേക്കു പോയ കണ്ടെയ്നർ ലോറിക്കു നേരെ നടന്ന ആക്രമണത്തിൽ മുൻവശത്തെ ചില്ല് തകർന്നു. യാത്രക്കാരെ പിന്നീട് മറ്റു ബസുകളിൽ കയറ്റിവിട്ടു.
കൊടുങ്ങല്ലൂരിലേക്കു പോയ ചരക്ക് ലോറിക്കു നേരെ കാക്കാഴം മേൽപ്പാലത്തിൽ നടന്ന കല്ലേറിൽ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി നവാസിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ സംഘങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിനെത്തുടർന്നു വ്യാപാര സ്ഥാപനങ്ങൾ, റോഡരികിലുള്ള നിരിക്ഷണ കാമറകൾ എന്നിവ പോലീസ് പ്രതികളെ കണ്ടെത്താനായി പരിശോധിച്ചു തുടങ്ങി. ബസുകൾക്കു നേരെ ആക്രമണം നടന്നതോടെ പിന്നീട് കോൺവേയായി പോലീസിന്റെ അകമ്പടിയോടെ ബസ് സർവീസ് നടത്തി.