വള്ളംകളിക്കു വിളംബരമായി സാംസ്കാരിക ഘോഷയാത്ര
1223952
Friday, September 23, 2022 10:31 PM IST
മങ്കൊമ്പ്: പുളിങ്കുന്നാറ്റിൽ ഇന്നു നടക്കുന്ന രാജീവ് ഗാന്ധി ട്രോഫി ചാമ്പ്യൻസ് ലീഗ് വള്ളംകളിയോടനുബന്ധിച്ചു ഇന്നലെ നടന്ന സാസ്കാരിക ഘോഷയാത്ര വർണാഭമായി. പുളിങ്കുന്ന് പഞ്ചായത്ത്, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഘോഷയാത്രയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ഘോഷയാത്ര കടന്നു പോകുന്ന റോഡിനിരുവശങ്ങളിലുമായി നിരവധിയാളുകളാണ് കാഴ്ചക്കാരായി എത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടിന് പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര മൂന്നരയോടെ സമാപനകേന്ദ്രമായ പുളിങ്കുന്ന് സെന്റ് ജോസഫ്സ് സ്കൂൾ ഗ്രൗണ്ടിലെത്തി. തുടർന്നു നടന്ന സാംസ്കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി. ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, വെളിയനാട് ബ്ലോക്കുപഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.വി. രാജീവ്, എൻ.പി. വിൻസന്റ്, ജോസ് കാവനാട് തുടങ്ങിയവർ പ്രസംഗിച്ചു.