അക്രമസംഭവങ്ങളിൽ നാലുപേർ റിമാൻഡിൽ
1224181
Saturday, September 24, 2022 11:04 PM IST
അമ്പലപ്പുഴ: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിലുണ്ടായ അക്രമസംഭവങ്ങളിൽ നാലുപേർ റിമാൻഡിൽ. കാക്കാഴം സ്വദേശികളായ നജീബ് (33), ഫറൂഖ് (18), അൻഷാദ് (30), പുറക്കാട് സ്വദേശി ഫാസിൽ (40) എന്നിവരാണ് റിമാൻഡിലായത്. അമ്പലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ചുകേസിൽ ഇവർ പ്രതികളാണ്.
കേസിൽ നാലുപേരെ പിടികൂടാനുണ്ട്. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ അഞ്ചും വള്ളികുന്നം സ്റ്റേഷനിൽ ഒരു കേസുമാണു രജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 9.20ന് മൂന്നാംകുറ്റിയിൽ അടൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കെഎസ്ആർടിസി ബസ് ഹർത്താൽ അനുകൂലികൾ ആക്രമിച്ചു. ബൈക്കിലെത്തിയ സംഘം ബസിന്റെ ഗ്ലാസ് എറിഞ്ഞുതകർത്തു. ഈ സംഭവത്തിലാണു വള്ളികുന്നം സ്റ്റേഷനിൽ രണ്ടുപേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയിൽ ഒമ്പതുപേരെ കരുതൽ തടങ്കലിലാക്കിയിരുന്നു.