ക്ഷമിക്കണം, പൊട്ടൽ ശീലമായിപ്പോയി!
1226344
Friday, September 30, 2022 11:03 PM IST
അമ്പലപ്പുഴ: തകഴിയിൽ പൈപ്പ് അറ്റകുറ്റപ്പണി നടത്തി കുടിവെള്ള വിതരണം ആരംഭിച്ചു മണിക്കൂറുകൾ കഴിഞ്ഞില്ല വീണ്ടും പൊട്ടി. പൈപ്പ് പൊട്ടിയൊഴുകിയതോടെ പ്രദേശമാകെ വെള്ളത്തിൽ മുങ്ങി. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ രോഗികൾക്കു പ്രവേശിക്കാൻ പറ്റാത്ത സ്ഥിതിയായി. തകഴി ഫെഡറൽ ബാങ്കിനു മുന്നിൽ ഇന്നലെയാണ് കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടിയത്.
വെള്ളക്കെട്ടിൽ
ഒരാഴ്ച മുമ്പു പൊട്ടിയ ഭാഗത്താണ് ഇന്നലെയും വെള്ളം ഒഴുകിയത്. കഴിഞ്ഞ ആഴ്ച പൈപ്പ് പൊട്ടിയതോടെ അറ്റകുറ്റപ്പണിക്കായി കുടിവെള്ള വിതരണം ദിവസങ്ങളോളം നിർത്തിവച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച മുതലാണ് കുടിവെള്ള വിതരണം പുനരാരംഭിച്ചത്. തൊട്ടുപിന്നാലെയാണ് വീണ്ടും പൊട്ടിയത്. പൈപ്പ് പൊട്ടിയിട്ടും പമ്പിംഗ് തുടരുന്നതിനാലാണ് പ്രദേശമാകെ വെള്ളക്കെട്ടിലായത്. പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് പൊളിച്ച് അറ്റകുറ്റപ്പണി നടത്തി ചോർച്ചയില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം കുടിവെള്ള വിതരണം പുനരാരംഭിച്ചപ്പോഴാണ് വീണ്ടും പൊട്ടൽ.
വീണ്ടും
വെട്ടിപ്പൊളിക്കണം
പൈപ്പ് പൊട്ടിയതോടെ റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു വേണം അറ്റകുറ്റപ്പണി നടത്താൻ. ഇതിനായി ഇനിയും ദിവസങ്ങൾ വേണ്ടിവരും. സർക്കാർ സംവിധാനത്തിൽ പ്രവർത്തിച്ചിരുന്ന ആർഒ പ്ലാന്റുകളുടെ പ്രവർത്തനം വർഷങ്ങളായി നിർത്തിവച്ചതോടെ സ്വകാര്യ പ്ലാന്റുകളെ ആശ്രയിച്ചാണ് വീട്ടാവശ്യത്തിനുള്ള വെള്ളം ശേഖരിച്ചിരുന്നത്. തകഴിയിൽ പൈപ്പ് പൊട്ടിയതോടെ ഇനി ദിവസങ്ങളോളം കുടിവെള്ളത്തിനായി ജനം വീണ്ടും വലയും.