അന്തേവാസികൾക്ക് ഫലവർഗങ്ങൾ നൽകി കുരുന്നുകൾ
1245137
Friday, December 2, 2022 10:47 PM IST
അമ്പലപ്പുഴ: അന്തേവാസികൾക്ക് ഫലവർഗങ്ങൾ നൽകി കുരുന്നുകൾ. ആലപ്പുഴ പഴവങ്ങാടി കാർമൽ കിന്റർഗാർട്ടനിലെ കുരുന്നുകളാണ് പുന്നപ്ര ശാന്തിഭവനിലെ അന്തേവാസികൾക്ക് വിവിധ തരം ഫലവർഗങ്ങളുമായെത്തിയത്. എല്ലാ വർഷവും ഡിസംബറിലെ ആദ്യത്തെ വെള്ളിയാഴ്ച സ്കൂളിൽ ഫ്രൂട്ട്സ് ഫ്രൈഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാർഥികളും അധ്യാപകരും ശാന്തിഭവനിലെത്തിയത്. ബ്രദർ മാത്യു ആൽബിൻ വിദ്യാർഥികളെയും അധ്യാപകരേയും സ്വീകരിച്ചു.
എൽകെജി, യുകെജി വിഭാഗങ്ങളിലെ ഏഴു ക്ലാസുകളിൽനിന്നും രണ്ടു പേർ വീതം 14 വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും അന്തേവാസികൾക്ക് ഫലവർഗങ്ങൾ വിതരണം ചെയ്തു. സ്കൂൾ മാനേജിംഗ് ട്രസ്റ്റി തോമസ് തൈച്ചേരി, പ്രിൻസിപ്പൽ സിസ്റ്റർ ലാജി, സീനിയർ ടീച്ചർമാരായ ഡെയ്സി, ഫെൻസി, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളായ രമ്യ, ജസീർ എന്നിവരും വിദ്യാർഥികൾക്കൊപ്പം എത്തിയിരുന്നു.