നാട്ടുതോട് മാലിന്യ മുക്തമാക്കുന്നു
1262823
Saturday, January 28, 2023 11:13 PM IST
മങ്കൊമ്പ്: പോളയും ചെളിയും നിറഞ്ഞു മാലിന്യവാഹിനിയായ നാട്ടുതോട് നാട്ടുകാരുടെ സഹകരണത്തോടെ മാലിന്യമുക്തമാക്കുന്നു. ഗൂഞ്ച് എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ സ്നേഹതീരമെന്ന നാട്ടുകാരുടെ കൂട്ടായ്മയാണ് തോട്ടിലെ പോളയും മാലിന്യങ്ങളും നീക്കംചെയ്യാനാരംഭിച്ചത്. പുളിങ്കുന്ന് ആശുപത്രി പാലത്തിനു സമീപത്തു നിന്നാരംഭിച്ചു പള്ളിക്കൂട്ടുമ്മ ജംഗ്ഷനിൽ അവസാനിക്കുന്ന തോട് കഴിഞ്ഞ ആറുമാസമായി പോളയും മറ്റു മാലിന്യങ്ങളും നിറഞ്ഞ നിലയിലാണ്.
ചമ്പക്കുളം പഞ്ചായത്തിന്റെ രണ്ട്, മൂന്ന് വാർഡുകൾ, രാമങ്കരി പഞ്ചായത്തിന്റെ ഏതാനും പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെയാണ് തോട് കടന്നുപോകുന്നത്. മുൻപു പലവട്ടം സ്നേഹതീരത്തിന്റെ നേതൃത്വത്തിൽ തോട് വൃത്തിയാക്കിയിരുന്നു. പ്രദേശവാസികളായ 30 ഓളം പേരാണ് പോളവാരൽ ജോലികളിൽ ഏർപ്പെടുന്നത്. ഇവർക്കുള്ള ഭക്ഷണത്തിനു പുറമെ ഗൂഞ്ചിന്റെ വകയായി ഗൃഹോപകരണങ്ങൾ, ലോഷനുകൾ, സാനിട്ടൈസർ എന്നിവയടങ്ങുന്ന കിറ്റുകളും നൽകും.