‘ചേർത്തലയിൽ ഫെസ്റ്റ് സംഘടിപ്പിക്കും’
1263108
Sunday, January 29, 2023 10:46 PM IST
ആലപ്പുഴ: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ അടുത്തവർഷം ചേർത്തലയിൽ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ടൂറിസം സാധ്യതകളെകൂടി പ്രയോജനപ്പെടുത്തിയാകും പത്തു ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് സംഘടിപ്പിക്കുക. തണ്ണീർമുക്കം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വെള്ളിയാകുളത്ത് നിർമിച്ച വഴിയിടം- ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ തണ്ണീർമുക്കത്ത് സാധിക്കുമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പോളയിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.
എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ഹരിതകര്‍മ സേനയ്ക്കുള്ള ട്രോളിയുടെ വിതരണോദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി കുടുംബശ്രീ യൂണിറ്റുകളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുള, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കര്‍, സെക്രട്ടറി പി.പി. ഉദയസിംഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫുഡ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, മൂലയൂട്ടല്‍ കേന്ദ്രം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് 1165 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തിലുള്ളത്. 2000 ചതുരശ്ര അടി പാര്‍ക്കിംഗ് സ്ഥലവുമുണ്ട്. 30 ലക്ഷം രൂപ ചെലവിലാണിത് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം.