ആറു കുട്ടികൾക്ക് വീട് ഉറപ്പാക്കി കൃഷ്ണ തേജ ജില്ലാ കളക്ടറുടെ ചുമതലയൊഴിഞ്ഞു
1278692
Saturday, March 18, 2023 11:03 PM IST
ആലപ്പുഴ: ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ ഇന്നലെ വൈകുന്നേരം ചുമതലയൊഴിഞ്ഞു. കോവിഡ് ബാധിച്ച് രക്ഷകർത്താക്കളിൽ ഒരാളെ നഷ്ടപെട്ട ആറു കുട്ടികൾക്ക് വീട് ഉറപ്പാക്കുന്നതിനുള്ള നടപടികളെടുത്താണ് കളക്ടർ യാത്രയാകുന്നത്. വീആർ ഫോർ ആലപ്പി പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെയാണ് ഇവർക്ക് വീടുകൾ നിർമിച്ചു നൽകുന്നത്. ആറുമാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കി നൽകുമെന്ന് കുട്ടികളുമായുള്ള കൂടിക്കാഴ്ചയിൽ കളക്ടർ വാക്ക് നൽകി.
വൈകുന്നേരം അഞ്ചോടെയാണ് ജില്ലാ കളക്ടറുടെ ചുമതല ഒഴിഞ്ഞത്. എഡിഎം എസ്. സന്തോഷ്കുമാറിനാണ് ചുമതല കൈമാറിയത്. സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യാത്രയയപ്പിലും കൃഷ്ണ തേജ പങ്കെടുത്തു. ഹരിത വി. കുമാറാണ് ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ.