അപ്പോൾ കുഴി അടയ്ക്കാൻ അറിയാം!
1278699
Saturday, March 18, 2023 11:07 PM IST
കായംകുളം: മാസങ്ങളായി ദേശീയ പാതയിൽ യാത്രക്കാരെ നട്ടംതിരിച്ചിരുന്ന കുഴികൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായതു കണ്ട് നാട്ടുകാർ അദ്ഭുതപ്പെട്ടു. പിന്നീടാണ് മനസിലായത് രാഷ്ട്രപതി എത്തുന്നതിനു മുന്നോടിയായിട്ടാണ് കുഴികൾ മിന്നൽ വേഗത്തിൽ മൂടിയത്.
ദേശീയപാത 66 ൽ കരീലക്കുളങ്ങര മുതൽ കായംകുളം കൃഷ്ണപുരം വരെയുള്ള റോഡ് ഭാഗമാണ് തകർന്നു യാത്ര ദുഷ്കരമായി കിടന്നിരുന്നത്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പടെ കുഴിയിൽ വീണ് അപകടം നിത്യസംഭവമായി മാറിയിട്ടും നടപടി ഉണ്ടായിരുന്നില്ല. ഇതിനിടയിൽ പേരിനു കുഴിയടക്കൽ ചിലേടങ്ങളിൽ നടന്നെങ്കിലും ഫലപ്രദമായില്ല.
സ്പീക്കറും പെട്ടിട്ടും
ഒടുവിൽ രാഷ്ട്രപതി ദ്രൗപതി മർമുവിന്റെ സന്ദർശനം വന്നപ്പോൾ കുഴികളെല്ലാം ദ്രുതഗതിയിൽ അടച്ചു. അപ്പോൾ കുഴിയടക്കാൻ അറിയാമല്ലോ എന്നാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതികരണം. വാഹനങ്ങൾ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടങ്ങളിൽ നിരവധി പേർ മരിക്കുകയും അനേകം പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
നിരവധി വാഹനങ്ങൾക്കു കേടുപാടുകളും സംഭവിച്ചു. വാഹനങ്ങളുടെ ടയറുകൾ പൊട്ടിയ സംഭവങ്ങളുമുണ്ടായി. കുഴിയിൽ വീണവരുടെ കൂട്ടത്തിൽ മുൻ നിയമസഭാ സ്പീക്കറും ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ മന്ത്രിയുമായ എം.ബി. രാജേഷും ഉൾപ്പെട്ടിട്ടുണ്ട് . സ്പീക്കറുടെ കാറിന്റെ ടയർ പൊട്ടിയെങ്കിലും പരിക്കുകൾ സംഭവിക്കാതെ എം.ബി. രാജേഷ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
പേരിനു ചില പണികൾ
അപകടം തുടർക്കഥയായതോടെ ജനരോഷം കനത്തു. പലതരത്തിലുള്ള പ്രതിഷേധങ്ങളും അരങ്ങേറി. റോഡ് തകർച്ചയെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരി. ഒടുവിൽ റോഡ് ടാർ ചെയ്യുമെന്നു പ്രഖ്യാപനം വന്നു.
ഹരിപ്പാട് മാധവ ജംഗ്ഷൻ മുതൽ കൃഷ്ണപുരം വരെ റോഡ് ടാർ ചെയ്തു യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും എംഎൽഎയും പറഞ്ഞു. പറഞ്ഞതുപോലെതന്നെ ടാറിംഗ് പ്രവർത്തികൾ തുടങ്ങി. പക്ഷേ, ഹരിപ്പാടുനിന്നു തുടങ്ങിയ റോഡ് ടാറിംഗ് കരീലക്കുളങ്ങരയിൽ അവസാനിപ്പിച്ചു.
കരീലകുളങ്ങര മുതൽ കൃഷ്ണപുരം വരെ ഭാഗികമായ അറ്റകുറ്റപ്പണിയിൽ ഒതുങ്ങി. ഇതോടെ ഈ ഭാഗങ്ങളിൽ കുഴികൾ വീണ്ടും രൂപപ്പെട്ടു. അങ്ങനെ അപകടക്കെണിയായി മാറിയ റോഡ് ആണ് ഒറ്റ ദിവസം കൊണ്ട് മുഖം മിനുക്കിയത്.
വെള്ളിയാഴ്ച ഹെലികോപ്ടറിൽ ചേപ്പാട് എൻടിപിസി ഗ്രൗണ്ടിൽ എത്തിയ രാഷ്ട്രപതി പ്രത്യേക വാഹനത്തിൽ ദേശീയ പാത കരീലക്കുളങ്ങര കായംകുളം വഴി വള്ളിക്കാവ് അമൃതാനന്ദമയി മഠം സന്ദർശിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം വൻ വാഹന വ്യൂഹം രാഷ്ട്രപതിയെ അനുഗമിച്ചിരുന്നു.
യാത്ര സുഗമമാക്കാൻ ദേശീയപാത 66 ലെ അപകട കുഴികൾ ഒറ്റ ദിവസംകൊണ്ട് പൂർണമായി അടക്കുകയായിരുന്നു. സാങ്കേതിക തടസങ്ങളെല്ലാം മാറ്റിവച്ചാണ് ഒറ്റ ദിവസംകൊണ്ട് കുഴയടച്ചത്. രാഷ്ട്രപതിയുടെ വരവു പ്രമാണിച്ചാണെങ്കിലും റോഡിലെ കുഴികൾ അടഞ്ഞല്ലോ എന്ന ആശ്വാസത്തിലാണ് യാത്രക്കാർ.