അഗ്രി സൊസൈറ്റി ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ടു
1278702
Saturday, March 18, 2023 11:07 PM IST
ആലപ്പുഴ: ജില്ലാ അഗ്രി-ഹോർട്ടികൾച്ചറൽ സൊസൈറ്റി ആസ്ഥാനമന്ദിരത്തിനു ശിലാസ്ഥാപനം നടത്തി. പി.പി. ചിത്തരഞ്ജൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന് എംഎൽഎ ശിലാസ്ഥാപനം നടത്തി. പ്രദേശിക വികസനമാണ് നാടിനും ജനങ്ങൾക്കും ഗുണകരമാകുന്ന അടിസ്ഥാന വികസനമെന്നും പി.പി. ചിത്തരഞ്ജൻ എംഎൽഎ അഭിപ്രായപ്പെട്ടു. മൂന്നു പതിറ്റാണ്ടുകളായി ആലപ്പുഴയുടെ കാർഷിക വിദ്യാഭ്യാസ മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തി പ്രവർത്തിച്ചുവരുന്ന പ്രസ്ഥാനമാണ് അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റി. തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് മന്നത്ത് വാർഡിലാണ് കെട്ടിടം പുതിയതായി നിർമിക്കുന്നത്.
ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജയെ സൊസൈറ്റി ചടങ്ങിൽ ആദരിച്ചു.മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യരാജ്, സൊസൈറ്റി ജനറൽ സെക്രട്ടറി രവി പാലത്തിങ്കൽ, കോസ്റ്റ് ഫോർഡ് പ്രോജക്ട് എൻജിനിയർ ഉമ നാരായണസ്വാമി, സൊസൈറ്റി വൈസ് പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ, ആലപ്പുഴ എഡിഎം സന്തോഷ് കുമാർ, വാർഡ് കൗൺസിലർ സുമം സ്കന്ദൻ തുടങ്ങിയവർ പങ്കെടുത്തു.