പാണാവള്ളി ബോട്ടുജെട്ടിയിലെ വിളക്കുതൂണ് അപകട ഭീഷണിയിൽ
1336311
Sunday, September 17, 2023 11:00 PM IST
പൂച്ചാക്കൽ: ജലാഗത വകുപ്പിന്റെ പാണാവള്ളി ബോട്ടുജെട്ടിക്കു സമീപത്തെ വിളക്ക് തൂണ് അപകട ഭീഷണിയിൽ. പതിറ്റാണ്ടുകൾ പഴക്കമുള്ള ബോട്ടുജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്ന വിളക്കുതൂണ് ഏത് നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണുള്ളത്. വിളക്കുതൂണിന്റെ കൽക്കെട്ട് ഇളകി ചെരിഞ്ഞ നിലയിലാണ്. പാണാവള്ളി ബോട്ട് സ്റ്റേഷന്റെ പഴയ ബോട്ട് ജെട്ടിയിലാണ് വിളക്ക് തൂണുള്ളത്. ഈ ജെട്ടിയിലാണിപ്പോൾ പെരുമ്പളം പാണാവള്ളി സർവീസ് നടത്തുന്ന ജങ്കാറിൽ വാഹനങ്ങളെയും യാത്രക്കാരെയും കയറ്റിയിറക്കുന്നത്.
അപകട ഭീഷണിയിലായ വിളക്കുതൂണിന്റെ സമീപത്താണ് ജങ്കാർ പ്രതീക്ഷിച്ച് കാത്തു നിൽക്കുന്ന യാത്രക്കാർ അധികവുമുള്ളത്. പണ്ട് വേമ്പനാട്ട് കായലിലെ ഗതാഗത സർവീസുകൾക്ക് ദിശ അറിയുവാനും ജെട്ടിയിൽ വെളിച്ചം ലഭിക്കുന്നതിനുമായിട്ടാണ് വിളക്ക് തൂണ് സ്ഥാപിച്ചത്. തൂണിൽ കയറി വിളക്ക് കത്തിക്കുന്നതിനു പടികളും സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി തൂണുകൾ വന്നതോടെ ജെട്ടിയിലെ പുരാതന വിളക്കുതൂണ് സംരക്ഷിക്കാനൊ പ്രവർത്തിപ്പിക്കാനോ ആരും തയ്യാറായിട്ടില്ല. ഉപയോഗശൂന്യമായ വിളക്കുകാലിലെ അടിഭാഗം പൂർണമായും വിട്ടുനിൽക്കുകയാണ്. അപകടകരമായ വിളക്ക് തൂണ് അധികൃതർ നീക്കം ചെയ്യുകയോ സംരക്ഷിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.