രമേശൻ ലോട്ടറി വിൽക്കുന്നത് ഇരുന്നും കിടന്നും മുട്ടുകാലിൽനിന്നും
1337273
Thursday, September 21, 2023 11:19 PM IST
പൂച്ചാക്കൽ: ജീവിതം പച്ച പിടിപ്പിക്കാൻ രമേശൻ ലോട്ടറി വിൽക്കുകയാണ്. റോഡരികിൽ ഇരുന്നും കിടന്നും മുട്ടുകാലിൽനിന്നുമാണ് ടിക്കറ്റ് വിൽപ്പന. കാലുകൾക്ക് സ്വാധീനമില്ലാത്ത രമേശന് ടിക്കറ്റ് വിൽപ്പന മാത്രമാണ് ഉപജീവന മാർഗം.
അഞ്ചു വർഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് മുച്ചക്ര സൈക്കിൾ നൽകുന്ന പദ്ധതിയിൽപ്പെടുത്തി രമേശനും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സൈക്കിൾ നൽകിയിരുന്നു.
അതിലായിരുന്ന ലോട്ടറി വിൽപ്പന. ഒരാഴ്ചയ്ക്ക് മുമ്പ് സൈക്കിൾ തകരാറിലായതിനാൽ വീട്ടിൽനിന്നും രാവിലെയും വൈകുന്നേരവും ഓട്ടോയിലാണ് ലോട്ടറി വിൽക്കാൻ എത്തുന്നത്. പൂച്ചാക്കൽ പഴയപാലം റോഡരികിൽ പ്ലാസ്റ്റിക് പായ വിരിച്ച് അതിലിരുന്നാണ് കച്ചവടം.
കുറെ നേരം മുട്ടിൽ കുത്തിനിന്ന് വിൽപ്പന നടത്തും. കാൽ വേദനിക്കുമ്പോൾ ഇരുന്നും കിടന്നുമാണ് വിൽപ്പന. ഉച്ചയ്ക്ക് ചോറ് കൈയിൽ പിടിച്ച് കഴിക്കാൻ രമേശന് ബുദ്ധിമുട്ടാണ്. സൈക്കിൾ ഉണ്ടായിരുന്നപ്പോൾ അതിലിരുന്ന് ചോറു കഴിക്കാൻ സാധിക്കുമായിരുന്നു.
ഇപ്പോൾ പലപ്പോഴും ചോറ് കഴിക്കാറില്ല. വഴിയാത്രക്കാർ വാങ്ങി നൽകുന്ന പഴം പോലുള്ള ഭക്ഷണമാണ് കഴിക്കുന്നത്. ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാതിരുന്ന രമേശൻ പാണാവള്ളി പഞ്ചായത്ത് പത്താം വാർഡ് കൊച്ചുപെണ്ണുവെളിവീട്ടിൽ സഹോദരൻ ചന്ദ്രനോടൊപ്പമാണ് താമസിക്കുന്നത്.
മഴ വന്നാലും വെയിൽ കൂടിയാലും മറ്റൊരു സ്ഥലത്തേക്ക് ഇഴഞ്ഞുനീങ്ങാൻ മാത്രമേ പറ്റുകയുള്ളൂ. റോഡിലൂടെ ഇഴഞ്ഞ് സഞ്ചരിക്കുമ്പോൾ മുട്ടുകാലുകൾ ഉരഞ്ഞ് പൊട്ടി ചോര വരാറുണ്ടെങ്കിലും ആരോടും യാചിക്കാതെ സ്വന്തമായി അധ്വാനിച്ച് ജീവിക്കാൻ കഴിയുന്നതിൽ രമേശൻ അഭിമാനിക്കുകയാണ്.
ജീവിതക്ലേശത്തിൽ താങ്ങാകാൻ ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണ് രമേശൻ.