അമ്പലപ്പുഴ: കെഎസ്ആർടിസി പെൻഷൻകാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സീനിയർ സിറ്റിസൺസ്. ഓഗസ്റ്റ് 16 മുതൽ ആരംഭിച്ച കെഎസ്ആർടിസി പെൻഷൻകാരുടെ ന്യായമായ സമരത്തിന് സീനിയർ സിറ്റിസൺസ് പിന്തുണയും സഹകരണവും ഉണ്ടായിരിക്കുന്നതാണെന്ന് സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡന്റ് ശ്രീകുമാരൻ തമ്പി പറഞ്ഞു.
എല്ലാ മാസവും സമരം ചെയ്യുക പെൻഷൻകാരുടെ ദുർവിധിയാണെന്നും ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കുക എന്നുള്ളത് ജനാധിപത്യ ഭരണകൂടത്തിന്റെ കടമയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. പ്രകടനത്തിനുശേഷം കൂടിയ സമര വിശദീകരണ യോഗത്തിൽ ടി.കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ്, വി. രാധാകൃഷ്ണൻ, വി.പി. ബാലചന്ദ്രൻ ആചാരി, ബേബി പാറക്കാടൻ എന്നിവർ പ്രസംഗിച്ചു.