വൈക്കത്തും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം അതിരൂക്ഷം
1335337
Wednesday, September 13, 2023 3:53 AM IST
വൈക്കം: ഗ്രാമപ്രദേശങ്ങളിലെനാട്ടുവഴികളിലും നഗരപരിധിയിലെ തെരുവോരങ്ങളിലും തെരുവുനായ്കളുടെ ശല്യമേറുന്നു. നിരത്ത് കൈയടക്കുന്ന തെരുവുനായ്കളുടെ ശല്യംമൂലം ജനങ്ങൾ പൊറുതിമുട്ടിയിട്ടും സംസ്ഥാന സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല.
തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാൽ കേസു കൊടുത്തു പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് അധികൃതരെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കാൽനട യാത്രക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയായി നഗരസഭ ഒമ്പതാം വാർഡിൽ ചുടുകാടുറോഡിൽ 15 ഓളം വരുന്ന തെരുവുനായ് സംഘം താവളമടിച്ചിരിക്കുകയാണ്.
സ്കൂളിലും അങ്കണവാടിയിലും മറ്റും പോകുന്ന കുട്ടികളും പൊതുജനങ്ങളും ആക്രമകാരികളായ നായ് കൂട്ടങ്ങളെ ഭയന്നാണ് ഇതുവഴി കടന്നുപോകുന്നത്. സൈക്കിളിൽ പോകുന്ന കുട്ടികളെ പിന്തുടർന്ന് നായ്ക്കൾ പാഞ്ഞെത്തുന്നതു മൂലം കുട്ടികൾ സൈക്കിളിൽ നിന്നു വീണ് പരിക്കേൽക്കുന്നതും കൈ ഒടിഞ്ഞ സംഭവവുമുണ്ടായിട്ടുണ്ട്.
രാത്രികാലങ്ങളിൽ നായ്ക്കളെ ഭയന്ന് ഇതുവഴി വാഹനത്തിൽ പോലും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവുനായ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലതവണ നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും തെരുവുനായശല്യം ഒഴിവാക്കുന്നതിനോ തെരുവുനായ്ക്കൾ പെരുകുന്നതു തടയുന്നതിനുള്ള എബിസി പ്രോഗ്രാം നടപ്പിലാക്കുന്നതിനോ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
അതേസമയം തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് നഗരസഭഅധികൃതർ പറഞ്ഞു.പേവിഷ ബാധയ്ക്കെതിരേയുള്ള കുത്തിവയ്പിനും എബിസി പ്രോഗ്രാമിനുമായി അഞ്ചു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും നായ കടിയേൽക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിനായി സിരിജഗൻ കമ്മീഷനിൽ പരാതി കൊടുക്കുവാൻ നിർദേശം നൽകുന്നുണ്ടെന്നും നഗരസഭാ അധികൃതർ പറഞ്ഞു.
നായ്ക്കൾ പെരുകുന്നത് നിയന്ത്രിക്കാൻ ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളൂം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള സ്ഥലം തേടി വരികയാണെന്നാണ് ലീഗൽ സർവീസ് അഥോറിറ്റി മുമ്പാകെ നഗരസഭ അധികൃതർ മറുപടി നൽകിയതെന്ന് പൊതുപ്രവർത്തകനായ പി. സോമൻപിള്ള പറഞ്ഞു.