ജൽജീവൻ പൈപ്പുലൈൻ സ്ഥാപിക്കൽ; ദുരിതപാത താണ്ടി ജനങ്ങൾ
1423535
Sunday, May 19, 2024 7:06 AM IST
കറുകച്ചാൽ: ജൽജീവൻ പദ്ധതികൾക്കായി റോഡുകൾ കുഴിച്ചു പൈപ്പ് ലൈനുകൾ സ്ഥാപിച്ച ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിനാൽ റോഡുകളിലുടനീളം വെള്ളക്കെട്ടുകളും, മൺകൂമ്പാരങ്ങളും. കാൽനടയാത്രികരും, വാഹനയാത്രക്കാരും ദുരിതപാതയിൽ. മേഖലയിലെ പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി.
പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി റോഡുകളുടെ ഇരുവശവും പൊക്ലയിൻ ഉപയോഗിച്ച് കുഴികളെടുത്തു പൈപ്പുകൾ സ്ഥാപിച്ച് കുഴികൾ നികത്തുകയും ചെയ്തിരുന്നു. എന്നാൽ, മണ്ണിട്ട് നികത്തിയ ഭാഗം റോഡ് നിരപ്പിനേക്കാൾ ഉയർന്നാണ് നിൽക്കുന്നത്. വീതിയനുസരിച്ച് ഒന്നര മുതൽ മൂന്നു വരെ മീറ്റർ റോഡുകളുടെ വിസ്തൃതി കുറഞ്ഞു.
ഈ ഭാഗങ്ങളിൽകൂടി വാഹനങ്ങൾ സഞ്ചരിക്കാത്തതിനാൽ മിക്ക റോഡുകളിലും ഗതാഗത സ്തംഭനവും, അപകടങ്ങളും പതിവാണ്. പല റോഡുകളിലും നിലവിലുണ്ടായിരുന്ന ഓടകൾക്കു സമീപത്തുകൂടി പൈപ്പ് ലൈൻ സ്ഥാപിച്ചതിനാൽ പലയിടങ്ങളിലും ഓടകൾ അടഞ്ഞതു മഴവെള്ളം ഒഴുകി മാറാതെ റോഡുകളിൽ ത്തന്നെ കെട്ടിക്കിടക്കുകയാണ്.
ഇതിനാൽ കാൽനട യാത്രയ്ക്കും ഏറെക്ലേശം നേരിടുന്നു. പൈപ്പ് ലൈൻ നിർമാണം പൂർത്തിയായ മുറയ്ക്ക് റോഡ് നിരപ്പാക്കി ടാറിംഗ് നടത്താൻ അധികൃതർ ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. മഴ തുടർന്നാൽ അറ്റകുറ്റപ്പണികൾ വൈകുകയും ജനങ്ങളുടെ ദുരിതമേറുകയും ആകും ഫലം.