എരുമേലിയിൽ വീണ്ടും പാറമടയ്ക്ക് അപേക്ഷ: ഹിയറിംഗ് നാളെ
1569211
Sunday, June 22, 2025 1:36 AM IST
എരുമേലി: പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം മേഖലയിൽ വീണ്ടും പാറമടയ്ക്ക് അനുമതി തേടി അപേക്ഷ. ഇതിന്റെ ഭാഗമായി പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായം അറിയാനും ആക്ഷേപങ്ങൾ സ്വീകരിക്കാനുമായി നാളെ രാവിലെ 11ന് പ്രൊപ്പോസ് റോമൻ കാത്തലിക് ഹാളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പബ്ലിക് ഹിയറിംഗ് നടത്തുമെന്ന് അറിയിച്ചു.
പാറമട നടത്താൻ അപേക്ഷ നൽകിയ സ്ഥലംത്തിന് അടുത്താണ് എരുമേലി സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ഒരുലക്ഷം ലിറ്റർ വാട്ടർ ടാങ്ക്. ആയിരത്തിലധികം വീടുകളിൽ ഈ ടാങ്കിൽ നിന്നാണ് ജലവിതരണം. പാറമട അനുവദിച്ചാൽ മടയിലെ സ്ഫോടനങ്ങൾ മൂലം ഈ ടാങ്ക് തകരുമെന്ന് നാട്ടുകാർ പറയുന്നു.
എരുമേലി തെക്ക് വില്ലേജ് ബ്ലോക്ക് നമ്പർ 27 റീസർവേ നമ്പർ 27, 28, 28/1 എന്ന സ്ഥലത്താണ് പാറമടയ്ക്ക് അനുമതി തേടി അപേക്ഷ നൽകിയിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ഇതേ സ്ഥലത്തിന് സമീപം ഇതേ വാർഡിൽ തന്നെ കഴിഞ്ഞയിടെ മറ്റൊരു പാറമടയ്ക്ക് അനുമതി തേടി ലഭിച്ച അപേക്ഷയിൽ പബ്ലിക് ഹിയറിംഗ് നടന്നിരുന്നു. നിരവധി പേർ ഈ ഹിയറിംഗിൽ പങ്കെടുത്ത് എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് അടുത്ത പാറമടയ്ക്കുള്ള നീക്കം ഉണ്ടായിരിക്കുന്നത്.
നിലവിൽ മൂന്ന് പാറമടകൾ ഈ വാർഡിലുണ്ട്. ഇനി രണ്ട് പാറമടകൾക്ക് കൂടി അനുമതിയായാൽ പ്രദേശത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമെന്നാണ് പരാതി ഉയർന്നുകൊണ്ടിരിക്കുന്നത്.