ശബരി റെയില്‍പാത: കേന്ദ്രസംഘം അടുത്തമാസം എത്തും
1569216
Sunday, June 22, 2025 1:36 AM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരി റെയില്‍പദ്ധതി വിലയിരുത്താന്‍ കേന്ദ്ര റെയില്‍വേ സംഘം അടുത്തമാസം എറണാകുളത്തും തൊടുപുഴയിലും പാലായിലും എത്തും. റെയില്‍വേ നിര്‍മാണ വിഭാഗത്തിലെ വിദഗ്ധരുടെ സംഘം സംസ്ഥാന സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തും.
കാലടി മുതല്‍ പിഴക് വരെ അളന്ന് കല്ലിട്ട റൂട്ടിലെ സ്ഥലം അടിയന്തരമായി ഏറ്റെടുത്തുകൊടുക്കണമെന്ന നിര്‍ദേശമാണ് റെയില്‍വേ മുന്നോട്ടുവയ്ക്കുക. 2862 കുടുംബങ്ങള്‍ക്ക് പൊന്നുംവില നല്കി സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൊടുത്താല്‍ നിര്‍മാണം വൈകില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സംസ്ഥാന സര്‍ക്കാര്‍ 500 കോടി രൂപ അടിയന്തരമായി ഇതിന് കണ്ടെത്തേണ്ടിവരും.
ഇതിനൊപ്പം പിഴക് മുതല്‍ എരുമേലി വരെയുള്ള മൂന്നാം റീച്ച് അന്തിമ അലൈന്മെന്റ് പൂര്‍ത്തിയാക്കുകയും വേണം. അവസാന റീച്ചിന്റെ സ്ഥലം ഏറ്റെടുക്കല്‍ അടുത്ത വര്‍ഷം നടത്തണമെന്നാണ് റെയില്‍വേയുടെ നിലപാട്.