എംജി യൂണിവേഴ്സിറ്റിയിലെ സ്റ്റാര്‍ട്ടപ്പിന് ദേശീയ പുരസ്കാരം
1569218
Sunday, June 22, 2025 1:58 AM IST
കോട്ടയം: സെന്റര്‍ ഫോര്‍ മോളിക്കുലര്‍ ആൻഡ് സെല്ലുലാര്‍ പ്ലാറ്റ്ഫോംസ് (സികാംപ്) ദേശീയ തലത്തില്‍ നടത്തിയ എഎംആര്‍ ചലഞ്ചില്‍ എംജി യൂണിവേഴ്സിറ്റിയിലെ സ്റ്റാര്‍ട്ടപ്പിന് പുരസ്കാരം. സര്‍വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന് ആൻഡ് ഇന്‍കുബേഷന്‍ സെന്ററിന്റെ (ബിഐഐസി) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിവിഡ്യൂ ഇന്നൊവേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് 1.2 കോടി രൂപയുടെ ഗ്രാൻഡ് നേടിയത്.
ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകള്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) പരിസ്ഥിതിയില്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് സികാംപ് ക്ഷണിച്ചിരുന്നത്.
ആശുപത്രികളിലെ മലിനജല പ്ലാന്റുകളിലെ വെള്ളത്തില്‍നിന്ന് ആന്റിബയോട്ടിക്കുകളും ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെയും നീക്കം ചെയ്യുന്ന സാങ്കേതികവിദ്യയാണ് വിവിഡ്യു സമര്‍പ്പിച്ചത്. ബിഐഐസി ഡയറക്ടര്‍ ഡോ. ഇ.കെ. രാധാകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ നൗറിന് ഫാത്തിമ, റിനു തോമസ്, മുഹമ്മദ് നുജൂം, ദിലീപ് മാത്യൂസ് പോള്‍, മെല്ബിന് ജോണ്‍, കിരണ്‍ കെന്നഡി, രേണു കുര്യന്, നമിത മെറിന് തോമസ്, സാലി തോമസ്, നിതിന്‍ തോമസ്,എ.എസ്. ശരണ്യ, മരിയ ജോര്‍ജ് എന്നിവരുള്‍പ്പെട്ട ഗവേഷക സംഘമാണ് ഈ ആശയം വികസിപ്പിച്ചെടുത്തത്.
ആശുപത്രികളില്‍നിന്ന് പുറന്തള്ളുന്ന മലിന ജലത്തില്‍നിന്ന് അഡ്വാന്‍സ്ഡ് ഓക്സിഡേഷന്, മെബ്രെയ്ന്‍ ഫില്‍ട്രേഷന്‍, ബയോളജിക്കല്‍ പ്രോസസിംഗ് എന്നിവയുള്‍പ്പെട്ട പ്രക്രിയയിലൂടെ ഫാര്‍മസ്യൂട്ടിക്കല്‍ മാലിന്യങ്ങളും ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയകളെയും നീക്കം ചെയ്യുന്ന സംവിധാനമാണിത്.
വിപുലീകരണ സാധ്യതയുള്ളതും ചെലവ് കുറഞ്ഞതുമായ ഈ സാങ്കേതികവിദ്യ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ആരോഗ്യ മേഖലയില്‍ ഉപയോഗിക്കാവുന്നതാണെന്ന് വിവിഡ്യു ടീമംഗങ്ങള്‍ വ്യക്തമാക്കി.