28 വർഷത്തിനുശേഷം കൊലക്കേസ് പ്രതി പിടിയിൽ
1569220
Sunday, June 22, 2025 1:58 AM IST
കുമളി: കുമളിക്ക് സമീപം ചെങ്കരയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതിയെ കുമളി പോലീസ് 28 വർഷത്തിനുശേഷം തമിഴ്നാട്ടിൽനിന്നു പിടികൂടി. തമിഴ്നാട്ടിലെ തേനി വരശനാട് ധർമരാജപുരം സ്വദേശി മഹാദേവൻ (44) ആണ് അറസ്റ്റിലായത്.
ചെങ്കര ആറുമുക്ക് സ്വദേശി ഗണേശൻ (18) കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മഹാദേവൻ. ദുർഘടമായ വനമേഖലയിൽ ഭാര്യയും രണ്ടു കുട്ടികളുമൊത്താണ് ഇയാൾ കഴിഞ്ഞിരുന്നത്. കൊല്ലപ്പെട്ട ഗണേശന്റെ മൂത്ത സഹോദരനായ ലിംഗം, അടുത്ത ബന്ധുക്കളായ ധനരാജ്, ബാലചന്ദ്രർ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇവർ നേരത്തേ പിടിയിലായിരുന്നെങ്കിലും നാലാം പ്രതിയായ മഹാദേവൻ ഒളിവിലായിരുന്നു.
മഹാദേവനടക്കം പ്രതികളെല്ലാം അടുത്ത ബന്ധുക്കളാണ്. ചെങ്കരയിലെ സ്വത്ത് സംബന്ധിച്ചുള്ള തർക്കമാണ് കൊലപാതകത്തിനു കാരണം.