75 വയസിലെത്തിയവര്ക്ക് ഇന്ന് പാലാ രൂപതയുടെ ആദരം
1569225
Sunday, June 22, 2025 1:58 AM IST
പാലാ: പാലാ രൂപത ജന്മംകൊണ്ട വര്‍ഷം ജനിച്ച്, രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തില്‍ 75-ാം പിറന്നാള്‍ ആഘോഷിക്കുന്നവർ ഇന്നു പാലായിൽ സംഗമിക്കുന്നു. ളാലം സെന്റ് മേരീസ് പഴയ പള്ളി ഓഡിറ്റോറിയത്തില്‍ ഉച്ചകഴിഞ്ഞു രണ്ടിനാണു മഹാസംഗമം. ആയിരത്തിലധികം പേരാണ് മഹാസംഗമത്തില്‍ പങ്കെടുക്കുന്നത്.
പാലാ രൂപതയുടെ ചരിത്രത്തിൽ ഇത്തരമൊരു കൂടിച്ചേരൽ അപൂർവമാണ്. സഭയ്ക്കൊപ്പം വളരുകയും സഭയെ വളർത്തുകയും ചെയ്തവരുടെ കൂട്ടായ്മ കൂടിയാണിത്. വിശ്വാസതീക്ഷ്ണതയിൽ ജ്വലിച്ചു വളർന്ന പാലാ രൂപതയുടെ വളർച്ചയുടെ ഏടുകളിൽ ഇവരുടെ നിസ്തുല സംഭാവനകൾ എഴുതിച്ചേർക്കപ്പെട്ടതാണ്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കു വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കവര്‍ചിത്രം അടങ്ങിയ കൊന്തയും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കൈയൊപ്പു പതിഞ്ഞ കപ്പും രൂപതയുടെ ആദരസൂചകമായി നല്‍കും. ഇതില്‍ നാലു വൈദികരും 24 സിസ്റ്റർമാരുമുണ്ട്.
ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സംഗമം ഉദ്ഘാടനം ചെയ്ത് എല്ലാവരെയും ആദരിക്കും. ഇത്രയും മുതിര്‍ന്നവരെ ഒന്നിച്ച് ആദരിക്കുന്ന ചടങ്ങ് രൂപതയില്‍ അപൂര്‍വമാണ്. പാലാ രൂപത പിതൃവേദി, മാതൃവേദി, പ്രൊലൈഫ് തുടങ്ങിയവയാണ് സംഗമത്തിനു നേതൃത്വം നല്‍കുന്നത്.
ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സംഗമത്തില്‍ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിക്കും. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, സംഘടനാ പ്രതിനിധികളായ ജോസ് തോമസ് മുത്തനാട്ട്, ഷേര്‍ളി ചെറിയാന് മഠത്തില്‍പറമ്പില്‍, മാത്യു എം. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാമിലി അപ്പൊസ്തലേറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍ സ്വാഗതം പറയും.
ടോമി തുരുത്തിക്കര, മാത്യു പൈലോ, ബിന്‍സ് ജോസ് തൊടുകയില്‍, ജോസുകുട്ടി ജോസഫ് അറയ്ക്കപ്പറമ്പില്‍, ഡോ. ഫെലിക്സ് വെട്ടുകാട്ടില്‍, സബീന സഖറിയാസ് മഠത്തിപ്പറമ്പില്‍, മേഴ്സി മാണി ചെറുകര, ലൗലി ബിനു വള്ളോംപുരയിടത്തില്‍, ഡയാന രാജു ഓലിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
പാലാ രൂപത
ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1950 ജൂലൈ 25നു പീയൂസ് പന്ത്രണ്ടാമന് മാര്‍പാപ്പയാണു പാലാ രൂപത സ്ഥാപിച്ചത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയിൽ ഇപ്പോള്‍ മൂന്നേകാല്‍ ലക്ഷത്തോളം വിശ്വാസികളും 71,004 ഭവനങ്ങളുമുണ്ട്.
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ആയിരുന്നു പ്രഥമ മെത്രാന്. പാലാ രൂപതയില്‍ നിന്നുള്ള 30 പേര് വിവിധ രൂപതകളിലായി ബിഷപ്പുമാരായിട്ടുണ്ട്. രൂപതയില്‍നിന്നുള്ള 2700 ലേറെ വൈദികരും12,000ലേറെ കന്യാസ്ത്രീകളും കേരളത്തിനകത്തും പുറത്തും വിദേശത്തുമായി സേവനം ചെയ്യുന്നു.