ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് യൂണിറ്റ് ആരംഭിച്ചു
1569226
Sunday, June 22, 2025 1:58 AM IST
വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ഹെൽത്ത് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഗുണനിലവാരമുള്ള രോഗനിർണയ സംവിധാനങ്ങളും പൊതുജനാരോഗ്യ സേവനങ്ങളും ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് പബ്ലിക് ഹെൽത്ത് യൂണിറ്റ് ആരംഭിച്ചത്.
ബ്ലോക്ക് പബ്ലിക് ഹെൽത്ത് വിംഗ്, ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലബോറട്ടറി, ബ്ലോക്ക് എച്ച്എംഎസ് എന്നിവയുടെ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ, വിവരസാങ്കേതികവിദ്യ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനം ലഭ്യമാണ്.
യൂണിറ്റിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലാ ബീഗം, ഗീത എസ്. പിള്ള, ഷാജി പാമ്പൂരി, പി.എം. ജോൺ, ലതാ ഷാജൻ, ശ്രീകലാ ഹരി, ബി. രവീന്ദ്രൻ നായർ, വത്സലകുമാരിക്കുഞ്ഞമ്മ എന്നിവർ പ്രസംഗിച്ചു.