പ്ലൈവുഡ് ഫാക്ടറി വേണ്ടെന്ന് നാട്ടുകാർ
1592696
Thursday, September 18, 2025 9:25 PM IST
പ്ലാശനാൽ: തലപ്പലം പഞ്ചായത്തിൽ അഞ്ഞൂറ്റിമംഗലം വാർഡിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ സമര പ്രഖ്യാപനം. പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കെ.ജെ. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റെല്ലാ ജോയി, ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി സണ്ണി, കയ്യൂർ ക്രിസ്തുരാജ് പള്ളിവികാരി ഫാ. ജീവൻ കാളിക്കാട്ടിൽ, പഞ്ചായത്തംഗ ങ്ങളായ കെ.ബി. സതീഷ്, പി.കെ. സുരേഷ്, കെ.കെ. ബിജു എന്നിവർ പ്രസംഗിച്ചു.
നാല് മലകളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ താഴ്വാരത്ത് ഫാക്ടറി സ്ഥാപിച്ചാൽ ഫാക്ടറിയിൽനിന്നു പുറത്തുവരുന്ന വിഷവാതകങ്ങൾ തങ്ങിനിന്ന് കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഫാക്ടറിയിൽനിന്നുള്ള രാസമാലിന്യങ്ങൾ കലർന്ന മലിനജലം നിർദിഷ്ട ഫാക്ടറിക്കു സമീപത്തുകൂടി ഒഴുകുന്ന മാതാക്കൽ തോട്ടിൽ എത്തുമെന്നും അതിനാൽ ജനങ്ങൾക്ക് നിത്യദുരിതം തരുന്ന പ്ലൈവുഡ് ഫാക്ടറി അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.