പുത്തൻചന്ത ഭാഗത്ത് റോഡിലെ കുഴി അപകടസാധ്യത വർധിപ്പിക്കുന്നു
1592722
Thursday, September 18, 2025 10:12 PM IST
മുണ്ടക്കയം: പൂഞ്ഞാർ - എരുമേലി സംസ്ഥാനപാതയിൽ മുണ്ടക്കയം പുത്തൻചന്ത ഭാഗത്ത് റോഡിലെ കുഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു.
വാട്ടർ അഥോറിറ്റിയുടെ പൈപ്പുലൈനുകൾ കാലപ്പഴക്കത്തിൽ പൊട്ടുന്നത് പരിഹരിക്കാൻ റോഡിൽ കുഴികളെടുക്കുന്നതാണ് പലപ്പോഴും റോഡ് തകരാൻ കാരണമാകുന്നത്. പൈപ്പുലൈനുകളുടെ നവീകരണത്തിനായി റോഡിൽ കുഴിയെടുക്കുകയും പിന്നീട് ഇവിടം കോൺക്രീറ്റ് ചെയ്തു നവീകരിക്കുകയും ചെയ്യും. എന്നാൽ ഏതാനും ദിവസം കഴിയുന്നതോടെ കോൺക്രീറ്റിംഗ് തകർന്ന് റോഡിന്റെ ഈ ഭാഗത്ത് കുഴി രൂപപ്പെടും.
പുത്തൻചന്ത ടൗൺ ഭാഗത്ത് നിരവധി ഇടങ്ങളിലാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെട്ട് അപകടഭീഷണി ഉയർത്തുന്നത്. പുത്തൻചന്ത ടൗണിൽനിന്നു വേങ്ങക്കുന്ന് ഭാഗത്തേക്കു തിരിയുന്ന റോഡിന്റെ ഭാഗത്തുള്ള കുഴി പലപ്പോഴും അപകടങ്ങൾക്ക് വഴിവയ്ക്കുകയാണ്. മഴ പെയ്യുന്നതോടെ കുഴിയിൽ വെള്ളം കെട്ടിനിൽക്കുകയും അപകട സാധ്യത വർധിക്കുകയുമാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചു മാറ്റുന്നതും അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്.
അധികാരികളുടെ അവഗണനയ്ക്കെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തിൽ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. അടിയന്തരമായി റോഡിലെ കുഴി അടയ്ക്കാൻ അധികാരികൾ തയാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.