കലുങ്ക് അടഞ്ഞു; ചക്കാമ്പുഴ ആശുപത്രി ജംഗ്ഷനിൽ റോഡിലൂടെ വെള്ളപ്പാച്ചിൽ
1592693
Thursday, September 18, 2025 3:03 PM IST
ചക്കാമ്പുഴ: ആശുപത്രി ജംഗ്ഷനിൽ മഴവെള്ളം ഒഴുകിപ്പോകാനായി നിർമിച്ചിരുന്ന കലുങ്ക് പൂർണമായും അടഞ്ഞതോടെ വെള്ളപ്പാച്ചിലിൽ പൊറുതിമുട്ടി ജനങ്ങൾ. ശക്തമായ മഴ പെയ്താൽ റോഡിലൂടെയുള്ള ഗതാഗതം പോലും സ്തംഭിക്കും വിധമാണ് ഒഴുക്ക് തുടരുന്നത്.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ കാൽനടയായി സഞ്ചരിക്കുന്ന റോഡാണിത്. ശക്തമായി ഒഴുകിയെത്തുന്ന വെള്ളം നേരിട്ട് തോട്ടിലേയ്ക്കാണ് പതിക്കുന്നത്. ഇത് അപകടത്തിന് കാരണമായേക്കാം.
കലുങ്കിനുള്ളിൽ വെള്ളം കെട്ടി നിൽക്കുന്നതിലൂടെ സമീപത്തെ കിണറുകളിൽ മലിനജലം എത്തുന്ന സാഹചര്യവുമുണ്ട്. വലിയ തോതിൽ മഴവെള്ളം ഒഴുകിയെത്തുന്നത് ആശുപത്രി ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്കും പ്രതിസന്ധിയാണ്.
കലുങ്കിനടിയിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് കാന തെളിച്ച് വെള്ളമൊഴുക്ക് സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.