വന്യജീവികളുടെ ആക്രമണം: മൂന്നാറിൽ ജനരക്ഷാ ജാഗരണ റാലി നാളെ
1396786
Saturday, March 2, 2024 2:58 AM IST
വിജയപുരം രൂപത സമരം ആരംഭിക്കുന്നു
മൂന്നാര്‍: വന്യജീവികളില്‍നിന്നു ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിജയപുരം രൂപതയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കും. സമരങ്ങളുടെ ഭാഗമായി മൂന്നാറില്‍ നാളെ നടക്കുന്ന ജനരക്ഷാ ജാഗരണ റാലിക്കും പൊതുസമ്മേളനത്തിനും വിജയപുരം രൂപത സഹായ മെത്രാൻ റവ. ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ നേതൃത്വം നല്‍കും.
പ്രശ്നപരിഹാരത്തിനായി ബഹുജന പങ്കാളിത്തത്തോടെയുള്ള പരിപാടികള്‍ അടക്കമുള്ള 10 ഇന നിര്‍ദേശങ്ങള്‍ സര്‍ക്കാറിനു സമര്‍പ്പിക്കും. വന്യജീവി ആക്രമണം അതിരൂക്ഷമായി തുടരുകയും കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറുടെ ജീവന് കാട്ടാനയുടെ ആക്രമണത്തില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിജയപുരം രൂപതയുടെ കീഴില്‍ മൂന്നാറിലെ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്.
നാളെ ഉച്ചകഴിഞ്ഞ് 2.30ന് മൂന്നാറില്‍ ജനരക്ഷാ ജാഗരണ റാലി നടത്തും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ വിജയപുരം രൂപത സഹായമെത്രാന്‍ റവ. ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ അധ്യക്ഷത വഹിക്കും.
ജനങ്ങളുടെ ജീവന് സംരക്ഷിക്കുക, വന്യജീവികളെ നിയന്ത്രിക്കുക എന്ന മുദ്യാവാക്യം ഉയർത്തി നടത്തുന്ന പരിപാടികളില്‍ മൂന്നാര്‍ ഫൊറോന വികാരി ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍, രൂപതയുടെ സാമൂഹ്യ സേവന സൊസൈറ്റിയായ മിസ്റ്റ്സ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് കമ്പോളത്തുപറമ്പില്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.