ഭരണഘടന തകർക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കും: മോൺ. ജോസ് കരിവേലിക്കൽ
1580325
Thursday, July 31, 2025 11:43 PM IST
ചെറുതോണി: ഭരണഘടന തകർക്കാനുള്ള ഏത് ശ്രമത്തെയും ചെറുത്തുതോൽപ്പിക്കുമെന്ന് ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ. ഛത്തീസ്ഗഡിൽ സന്യാസിനികൾക്കെതിരേ നടന്ന അതിക്രമങ്ങളിലും അന്യായമായി തുറുങ്കിലടച്ചതിലും പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ചെറുതോണിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഡിലുണ്ടായ നടപടി ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണ്. ഭാരതത്തിന്റെ ഉൾനാടൻ ഗ്രാമപ്രദേശങ്ങളിലും ആദിവാസി ഗോത്രമേഖലകളിലും തികച്ചും സേവന മനോഭാവത്തോടെ ജോലി ചെയ്യുന്ന മിഷനറി ശുശ്രൂഷകരെ അറസ്റ്റ് ചെയ്ത് ജയിലടച്ച നടപടി അംഗികരിക്കാനാവില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. ന്യൂനപക്ഷത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങൾ സരക്ഷിക്കപ്പെടണം.
ഇത്തരം സംഭവങ്ങളിലൂടെ സഭയെ തകർക്കാനാകുമെന്ന ധാരണ തിരുത്തേണ്ടതാണെന്ന് ഇതിന് മുമ്പേ തെളിഞ്ഞിട്ടുള്ളതാണ്. വൈദികരെയും സന്യാസിനികളെയും വിശ്വാസികളെയും പീഡിപ്പിക്കുന്നതുകൊണ്ട് സഭയെ തകർക്കാനല്ല, കൂടുതൽ കരുത്താർജിച്ച് ക്രിസ്തുവിനു വേണ്ടി ശുശ്രൂഷ ചെയ്യും.
ആതുരശുശ്രൂഷകളിലും വിദ്യാഭ്യാസ മേഖലകളിലും ഇവർ ചെയ്യുന്ന സേവനങ്ങൾ ഏറ്റവും മികച്ചതും മനുഷ്യത്വപരവുമാണ്. ഭാരതത്തിന്റെ വികസനമെത്താത്ത അവികസിത ഗ്രാമങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ മറ്റാരും തയാറാകാത്ത സാഹചര്യത്തിൽ പിറന്ന നാടും ബന്ധുക്കളെയുമുപേക്ഷിച്ച് സേവനം ചെയ്യുന്ന സന്യസ്ഥരെ അറസ്റ്റ് ചെയ്ത നടപടി ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ കനത്ത പ്രഹരമാണന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി രൂപതയിലെ വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ വഞ്ചികവലയിൽനിന്ന് ആരംഭിച്ച പ്രതിഷേധ റാലി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം പുറയാറ്റ് ഉദ്ഘാടനം ചെയ്തു. ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി ചെറുതോണി ടൗണിൽ എത്തിച്ചേർന്നപ്പോൾ നടത്തിയ പ്രതിഷേധയോഗത്തിൽ മോൺ. ജോസ് നരിതൂക്കിൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, സിസ്റ്റർ ഡോ. പ്രദീപ സിഎംസി, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി, മിഷൻ ലീഗ് രൂപത പ്രസിഡന്റ് സെസിൽ ജോസ് എന്നിവർ പ്രസംഗിച്ചു.