ഇ-മാലിന്യം വലിച്ചെറിയേണ്ട; ശേഖരിക്കാൻ ആളെത്തും
1580201
Thursday, July 31, 2025 6:38 AM IST
കട്ടപ്പന: വീടുകളില്‍നിന്ന് ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിക്കു കട്ടപ്പന നഗരസഭയിൽ തുടക്കമായി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, കംപ്യൂട്ടർ, മൊബൈല്‍ ചാർജർ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
കട്ടപ്പന നഗരസഭയിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി നിർവഹിച്ചു. 17, 20, 21 വാർഡുകളില്‍നിന്ന് 250 കിലോ ഇ -മാലിന്യം ശേഖരിച്ചു. ബാക്കി വാർഡുകളിലും ഇ - മാലിന്യ ശേഖരണം തുടങ്ങി.
കളക്ഷൻ പോയിന്റുകൾ
കട്ടപ്പന നഗരസഭയില്‍ ഓരോ വാർഡിലും പ്രത്യേക പോയിന്റുകള്‍ നിശ്ചയിച്ചാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. വാർഡുകളിലെ പോയിന്റുകള്‍ക്കു പുറമേ നഗരസഭാ ഓഫീസിനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രവർത്തിക്കുന്ന തരത്തില്‍ കളക്ഷൻ പോയിന്റും ഏർപ്പെടുത്തിയിട്ടുണ്ട്.
കടകളില്‍ വില കിട്ടുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ വില്‍ക്കുകയും ബാക്കിയുള്ളവ പരിസരത്തു കൂട്ടിയിട്ട് മണ്ണിനെയും ജലസ്രോതസുകളെയും മലിനമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണം നല്കി വീടുകളില്‍നിന്ന് ഇത്തരം വസ്തുക്കള്‍ നഗരസഭ ഹരിതകർമസേന വഴി നേരിട്ടു ശേഖരിക്കുന്നത്.
ഈ തുക ഹരിതകർമസേനയുടെ കണ്‍സോർഷ്യം ഫണ്ടില്‍നിന്നാണ് നല്‍കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച ഇ-മാലിന്യം സർക്കാർ നിർദേശപ്രകാരം ക്ലീൻ കേരള കന്പനിക്കു കൈമാറും.