ബേബി മെമ്മോറിയലിൽ റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ
1579798
Tuesday, July 29, 2025 11:45 PM IST
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്കമായതായി ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ജോണ്സണ് ആൻഡ് ജോണ്സണ് കന്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തിൽ ആദ്യമായാണ് ആരംഭിച്ചത്.
ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മേൻമ. ചെറിയ മുറിവുകളേ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇൻഫക്ഷൻ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും കഴിയും. കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കൽ.
ജില്ലയിലും സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത ഉന്നത നിലവാരത്തിലുള്ള അസ്ഥിസംയുക്ത ചികിത്സയ്ക്കായി ഇപ്പോഴും വലിയൊരു വിഭാഗം ആളുകൾ ജില്ലയ്ക്ക് പുറത്തേക്കു യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. മികച്ച സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യകാരണം. ഈ പശ്ചാത്തലത്തിലാണ് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഇത്തരം സൗകര്യമൊരുക്കുന്നത്. ദീർഘ ദൂര യാത്രകൾ ഒഴിവാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർത്തോപീഡിക് ചികിത്സ ഇവിടെ ലഭ്യമാകും.
ലണ്ടൻ ഹെൽത്ത് സെന്റർ പ്രതിനിധി ഡോ. ജയിംസ് എൽഹോവാഡും ഓർത്തോപീഡിക്സ് മേധാവി ഡോ. ഒ.ടി. ജോർജും ചേർന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കൽ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഒ.ടി. ജോർജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവർത്തിക്കുക. മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു പ്രസംഗിച്ചു.
വിദഗ്ധരായ ഓർത്തോ സർജൻമാരാണ് റോബോട്ടിക് നാവിഗേഷൻ സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷിതവും ഫലപ്രദവുമായ ശസ്ത്രക്രിയകൾ നടത്തുന്നത്. ഡോ. ഒ.ടി. ജോർജിനു പുറമേ ഡോ. അനിൽ ജെ. തോമസ്, ഡോ. ജോസഫ് സ്റ്റീഫൻ, ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, ഡോ. എ.ജെ. ജിജോ, ഡോ. ക്രിസ്റ്റോ ജോസ്, ഡോ. അലക്സ് ടി. ജോണ്സണ്, ഡോ. ഇജാസ് സിദ്ദിഖ് എന്നിവരാണ് ഓർത്തോ വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്നത്.