ഇരട്ടയാര്‍ ഡാംസൈറ്റ്-ഇരട്ടയാര്‍ നോര്‍ത്ത് റോഡ് തകര്‍ന്നതോടെ ഗതാഗതം ദുഷ്കരം
1580197
Thursday, July 31, 2025 6:38 AM IST
കട്ടപ്പന: ഇരട്ടയാര്‍ ഡാംസൈറ്റ്-ഇരട്ടയാര്‍ നോര്‍ത്ത് റോഡ് തകര്‍ന്നതോടെ ഗതാഗതം ദുഷ്കരമായി. റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് റോഡിലൂടെയുള്ള യാത്ര നടുവൊടിക്കും വിധമാണെന്ന് യാത്രക്കാര്‍ പറയുന്നു.
അത്യാവശ്യഘട്ടങ്ങളില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍പോലും സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ ദിവസം ഇരട്ടയാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ റോഡിന്റെ വിഷയം ഉയര്‍ന്നുവന്നു. പഞ്ചായത്തംഗങ്ങളും പ്രസിഡന്റ് ഉള്‍പ്പെടെ റോഡ് നവീകരിക്കാന്‍ തുക വകയിരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നത്തുകല്ല് - അടിമാലി ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ പുതുതായി തുക അനുവദിക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചത്. ഇതോടെ പഞ്ചായത്തിനും റോഡ് നവീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ഹൈവേയുടെ നിര്‍മാണ ടെന്‍ഡര്‍ നടപടികള്‍ സെപ്റ്റംബറിലാണ് പൂര്‍ത്തിയാകുക. ഇതിനുശേഷമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കൂ. എന്നാല്‍, താത്കാലികമായെങ്കിലും റോഡിലെ കുഴികള്‍ അടയ്ക്കാനുള്ള നടപടി പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.