കട്ടപ്പനയിലെ റോഡുകൾക്ക് ഏഴു കോടി അനുവദിച്ചു
1580331
Thursday, July 31, 2025 11:43 PM IST
കട്ടപ്പന: മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുന്ന വെള്ളയാംകുടി-കക്കാട്ടുകട റോഡിന് ആറു കോടിയും കട്ടപ്പന നേതാജി ബൈപാസ് റോഡിന് ഒരു കോടിയും അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ.
നവകേരള സദസിൽ ലഭിച്ച നിവേദനത്തെത്തുടർന്നാണ് തുക അനുവദിച്ചത്. വെള്ളയാംകുടിയിൽനിന്നു കട്ടപ്പന ടൗണിൽ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും ടൗണിന്റെ ഇതര ഭാഗങ്ങളിലേക്കും സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ കഴിയും. സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കട്ടപ്പന മുനിസിപ്പാലിറ്റിയെയും സമീപ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചു റിംഗ് റോഡ് നിർമിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. ഇതുകൂടി യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഏക മുനിസിപ്പാലിറ്റിയായ കട്ടപ്പനയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിപ്പുണ്ടാകും.
റോഡുകളോടൊപ്പം സ്കൂളുകൾ, കട്ടപ്പന താലൂക്ക് ആശുപത്രി, പിഎസ്സി ഓഫീസ് കെട്ടിടം, ഫയർ സ്റ്റേഷൻ, കട്ടപ്പന ഗവ. കോളജിൽ കൂടുതൽ കോഴ്സുകൾ എന്നിവയും നടപ്പാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.