കന്യാസ്ത്രീകളെ ജയിലിൽ അടച്ച സംഭവം: പ്രതിഷേധ ജ്വാല തെളിച്ചു
1580189
Thursday, July 31, 2025 6:38 AM IST
കോതമംഗലം: ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച ഭരണകൂട ഭീകരതയ്ക്കെതിരേ, കോതമംഗലത്ത് പ്രതിഷേധ ജ്വാല തെളിച്ചു.
കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രതിഷേധ പരിപാടി നടത്തിയത്.
പ്രതിഷേധ സംഗമം കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. വിൻസന്റ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് സണ്ണി കടൂത്താഴെ വിഷയാവതരണം നടത്തി.
രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, സോണി പാന്പയ്ക്കൽ, ഷൈജു ഇഞ്ചയ്ക്കൽ, ജിജി പുളിക്കൽ, സിസ്റ്റർ വിമൽ റോസ് എന്നിവർ പ്രസംഗിച്ചു.
ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ജോർജ് മങ്ങാട്ട്, ബിജു വെട്ടിക്കുഴ, ജോർജ് കുര്യാക്കോസ് ഓലിയപ്പുറം, ഫാ. ജോസ് പുൽപറന്പിൽ, ഫാ. മാത്യു മറ്റപ്പിള്ളി, ഫാ. ജസ്റ്റിൻ ചേറ്റൂർ, ജോയ്സ് മുണ്ടയ്ക്കൽ, ജോബി പറങ്കിമ്യാലിൽ, ബെന്നി ചിറ്റൂപറന്പിൽ, ബിനോയി പള്ളത്ത്, ജോണ്സണ് കറുകപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
റാലിയും പൊതുസമ്മേളനവും ഇന്നു ചെറുതോണിയിൽ
കരിമ്പൻ: ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ സന്യാസിനികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ ഇന്ന് ചെറുതോണിയിൽ ബഹുജന പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തും. വൈകുന്നേരം 5.30 ന് വഞ്ചിക്കവലയിൽനിന്ന് ആരംഭിക്കുന്ന ബഹുജന പ്രതിഷേധ റാലി രൂപത വികാരി ജനറാൾ മോൺ. ഏബ്രഹം പുറയാറ്റ് ഉദ്ഘാടനം ചെയ്യും.
രൂപതയിലെ വിവിധ ഭക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചിരിക്കുന്നത്. റാലി ചെറുതോണി ടൗണിൽ എത്തുന്പോൾ നടക്കുന്ന പ്രതിഷേധ സമ്മേളനം രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി കാർമൽഗിരി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. പ്രദീപ സിഎംസി, കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ, കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി എന്നിവർ പ്രസംഗിക്കുമെന്ന് രൂപത വക്താവ് ഫാ. ജിൻസ് കാരക്കാട്ട് അറിയിച്ചു.
പ്രധാനമന്ത്രി ഇടപെടണം: കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീമാരെ അവര്‍ നല്കിയ വിശദീകരണം പരിഗണിക്കാന്‍ പോലും തയാറാകാതെ പോലീസ് അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നു കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചുനല്‍കുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിര്‍ത്തു തോല്പ്പിക്കുകതന്നെ വേണം.
കന്യാസ്ത്രീകള്‍ക്ക് സഭാവസ്ത്രം ധരിച്ച് പുറത്തിറങ്ങാന്‍ പറ്റാത്ത നിലയിലേക്ക് ഉത്തരേന്ത്യയില്‍ ക്രൈസ്തവ സമുദായം അടിച്ചമര്‍ത്തപ്പെടുന്നു. മതപരിവര്ത്തനത്തിനുവേണ്ടിയല്ല സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്ച്ചയ്ക്കുംവേണ്ടിയാണ് സഭ പ്രവര്‍ത്തിക്കുന്നത്. ഛത്തീസ്ഗഡില്‍ നടന്നത് മനുഷ്യാവകാശ ലംഘനവും ആള്‍ക്കൂട്ട വിചരണയുമാണ്. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്കും ഏകപക്ഷീയമായി അറസ്റ്റ് ചെയ്തവര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും ന്യൂനപക്ഷ മന്ത്രിയും ഇടപെടണമെന്നും രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് പ്രതിഷേധം നാളെ
തൊടുപുഴ: ന്യൂനപക്ഷ വേട്ടയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരേ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നാളെ ജില്ലയിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. വൈകുന്നേരം ആറിന് പഞ്ചായത്ത്, മുനിസിപ്പൽ മേഖലാ തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കും.
ബീഹാറിലെ വോട്ടർ പട്ടിക ക്രമക്കേടും ആസാമിലെ ബുൾഡോസർ രാജും ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെയും മിഷനറി പ്രവർത്തകരെയും ജയിലിലടയ്ക്കുകയും ചെയ്ത സംഭവങ്ങൾ വടക്കേ ഇന്ത്യയിലാകെ നടക്കുന്ന സംഘപരിവാർ ഭീകരതയ്ക്ക് ഉദാഹരണമാണ്. മോദി ഭരണകൂടം ആർഎസ്എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് പിന്തുണ നൽകി അക്രമങ്ങളെ ന്യായീകരിക്കുകയാണന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിന്റ് കെ.എം.എ. ഷുക്കൂർ അധ്യക്ഷത വഹിച്ചു.
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധം
തൊടുപുഴ: കന്യാസ്ത്രീകളുടെ അറസ്റ്റ് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് എൻസിപിഎസ് സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ പറഞ്ഞു. ക്രിസ്ത്യൻ മിഷനറിമാരെയും സന്യാസികളെയും മർദിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച ബിജെപി എംഎൽഎയുടെ പ്രസ്താവനയ്ക്കു പിന്നാലെയുണ്ടായ ഈ സംഭവം ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.