വല്ലതും നടക്കുമോ സർക്കാരേ? നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് നിർമാണത്തിൽ ഒളിച്ചുകളി
1580190
Thursday, July 31, 2025 6:38 AM IST
തൊടുപുഴ: നെല്ലാപ്പാറ-മടക്കത്താനം ബൈപാസ് നിർമാണത്തിൽ സർക്കാർ ഒളിച്ചുകളിക്കുന്നു. ഒരു പാലവും ഒന്നര കിലോമീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുത്തു റോഡും നിർമിച്ചാൽ ഇതു ജനത്തിനു തുറന്നുകൊടുക്കാം. പക്ഷേ, സർക്കാർ ഉറക്കത്തിലാണ്.
കരിങ്കുന്നത്തിനു സമീപം നെല്ലാപ്പാറയിൽനിന്ന് പുറപ്പുഴ, അങ്കംവെട്ടി വഴി മടക്കത്താനത്തിനു സമീപം മൂവാറ്റുപുഴ തൊടുപുഴ റോഡിൽ സന്ധിക്കുന്ന ബൈപാസിനു മൊത്തം ആറു കിലോമീറ്ററാണു നീളം. ഒന്നാം റീച്ചായ നെല്ലാപ്പാറ-പുറപ്പുഴ ഭാഗം നിർമാണം കഴിഞ്ഞു.
പഠനത്തിനു പണമില്ല
രണ്ടാം റീച്ചായ പുറപ്പുഴ-അങ്കംവെട്ടി ഭാഗത്തു നിലവിലെ റോഡ് വീതി കൂട്ടിയാൽ മതി. മൂന്നാം റീച്ചായ അങ്കംവെട്ടി-മടക്കത്താനം ഭാഗത്തു മാത്രമേ സ്ഥലം ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിൽ എറണാകുളം ജില്ലയിൽ വരുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കലിനുള്ള 11(1) വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു. ഇനി ഇടുക്കി ജില്ലയിലെ ഭാഗത്തെ നടപടിയാണ് വൈകുന്നത്. സ്ഥലം ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായ സാമൂഹിക, പരിസ്ഥിതിക ആഘാത പഠനം നടത്താനും മറ്റുമുള്ള തുക ഇനിയും അനുവദിച്ചിട്ടില്ല. ഇതു ലഭിച്ചാൽ സ്ഥലമേറ്റെടുക്കൽ നടപടിക്കു തുടക്കമിടാം.
മുടന്തി നീങ്ങി പാലം
മൂന്നാം റീച്ചിന് 38 കോടി രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് പാലം പണി ടെൻഡർ നൽകിയിരുന്നു. എന്നാൽ, പിന്നീട് മുന്നോട്ടുപോയില്ല. പാലം നിർമാണം പുനരാരംഭിക്കാനും മൂന്നാം റീച്ച് ജോലികൾ വേഗത്തിലാക്കാനും പണം അനുവദിക്കണം. മുൻ മന്ത്രി പി.ജെ. ജോസഫിന്റെയും വിവിധ കക്ഷികളുടെയും ശ്രമഫലമായാണ് 2001ലെ സംസ്ഥാന ബജറ്റിൽ പദ്ധതി സ്ഥാനം പിടിച്ചത്. ഇക്കഴിഞ്ഞ ബജറ്റിലും പണം നീക്കിവച്ചു. ഇതു നടപ്പാക്കിയാൽ നിർമാണം വേഗത്തിലാകും.
പ്രയോജനമുള്ള പാത
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാത-8ലെ ദൂരം ഏഴു കിലോമീറ്റർ കുറയ്ക്കുന്നതാണ് ഈ ബൈപാസ്. ആലപ്പുഴ-മധുര (എസ്എച്ച്-40), എറണാകുളം-തേക്കടി (എസ്എച്ച്-41), കുമരകം-കന്പംമേട്ട് (എസ്എച്ച്-42), മൂവാറ്റുപുഴ -തേനി (എസ്എച്ച്- 43) എന്നിവയ്ക്കു ലിങ്ക് റോഡായും ഇതു മാറും.
ശബരി റെയിൽപാത വരുന്പോൾ നിലവിലെ റോഡുകളിലുണ്ടാകുന്ന ഓവർബ്രിഡ്ജ്, അണ്ടർ പാസ് കുരുക്കുകൾ ഒഴിവാക്കി യാത്രയും ചരക്കുനീക്കവും നടത്താനും ഇതു സഹായിക്കും.
സ്ഥലമേറ്റെടുക്കലിനു സാധാരണ കാര്യമായ തടസമില്ലാത്ത മേഖലയാണ്. നാടിനു വലിയ പ്രയോജനം കിട്ടുന്ന പദ്ധതി വൈകുന്നതിന്റെ കാരണം എന്താണെന്നു വിശദീകരിക്കാൻ അധികൃതർക്കും ആകുന്നില്ല.