അരിവിതരണ പ്രതിസന്ധി: പിടിഎയുടെ സഹായം തേടാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
1580188
Thursday, July 31, 2025 6:38 AM IST
തൊടുപുഴ: ജില്ലയിലെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം നിലച്ചിരിക്കുന്ന സാഹചര്യത്തിൽ പിടിഎയുടെ സഹകരണം തേടാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം. തൊടുപുഴ ഇടവെട്ടിയിലെ സപ്ലൈക്കോ ഗോഡൗണിലെ തൊഴിലാളികളുടെ സമരംമൂലം ജില്ലയിലെ സ്കൂളുകളിലേക്കുള്ള അരിവിതരണം പൂർണമായും നിലച്ച സ്ഥിതിയാണ്. ഇത് കടുത്ത പ്രതിഷേധത്തിനു കാരണമാകുകയും അധ്യാപക സംഘടനകൾ ഉൾപ്പെടെ പ്രത്യക്ഷ സമരവുമായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു.
തൊഴിലാളികളുമായി നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമാകുകയാണ്. അധ്യാപകർ സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകി സമീപത്തെ കടകളിൽനിന്നും മറ്റും അരി വാങ്ങിയാണ് നിലവിൽ ഉച്ചഭക്ഷണ വിതരണം മുന്നോട്ടുപോകുന്നത്. ഇപ്രകാരം എത്രദിവസം മുന്നോട്ടുപോകാനാകുമെന്നും അധ്യാപകർ ചോദിക്കുന്നു.
ഈ സാഹചര്യത്തിലാണ് പിടിഎയുടെ സഹായം തേടാൻ നിർദേശിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിൽ മാത്രമുള്ള പ്രശ്നമായതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ല. ഇടവെട്ടി ഡിപ്പോയിലേക്ക് അരി എത്തിക്കുന്നതിന് ഓപ്പണ്‍ ടെൻഡർ ക്ഷണിച്ച് കരാർ നൽകുകയാണ് പതിവ്. 2025-2027 കാലയളവിൽ വിളിച്ച പുതിയ ടെൻഡർ ആലപ്പുഴ സ്വദേശിയാണ് എടുത്തിരിക്കുന്നത്. ഇദ്ദേഹവും ഡിപ്പോയിലെ തൊഴിലാളികളും തമ്മിലുള്ള തർക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.