വനിതായാത്രികർക്കായി ഷീ ലോഡ്ജ്
1579802
Tuesday, July 29, 2025 11:45 PM IST
ഇടുക്കി: ജില്ലയിലെത്തുന്ന വനിതാ യാത്രികർക്ക് കോടമഞ്ഞിന്റെ കുളിരും പച്ചപുതച്ച തേയിലത്തോട്ടത്തിന്റെ ഭംഗിയും ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാനുള്ള ഷീ ലോഡ്ജ് ജില്ലയിലും യാഥാർഥ്യമായി. പള്ളിവാസൽ പഞ്ചായത്തിലെ രണ്ടാം മൈലിലാണ് ജില്ലയിലെ ആദ്യത്തെ ഷീ ലോഡ്ജ് നിർമാണം പൂർത്തിയായത്.
ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമിച്ചിരിക്കുന്നത്. ഏഴ് ബെഡ്റൂം, 16 പേർക്ക് താമസിക്കാവുന്ന ഡോർമിറ്ററി, റസ്റ്ററന്റ്, അടുക്കള തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. സഞ്ചാരികൾക്കായി വൈവിധ്യമാർന്ന വിഭവങ്ങളും ഒരുക്കി നൽകും. റിസോർട്ടുകൾക്ക് സമാനമായ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ലോഡ്ജ് നിർമിച്ചിരിക്കുന്നത്.
സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇടുക്കി ഡാമിന്റെ വിദൂര കാഴ്ചയും മലനിരകളും മഞ്ഞണിഞ്ഞുനിൽക്കുന്ന തേയിലത്തോട്ടങ്ങളുടെ മനോഹാരിതയും ലോഡ്ജിൽ നിന്നാൽ ആസ്വദിക്കാം. അടുത്ത മാസം ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.