ചുറ്റും കാട്ടാനക്കൂട്ടം; ജീവിതം ഭയാനകം
1579805
Tuesday, July 29, 2025 11:45 PM IST
മുണ്ടക്കയം: കാട്ടില്‍ കുറച്ചുകാലവും നാട്ടില്‍ ഏറെക്കാലവും എന്ന സ്ഥിതിയില്‍ പെരുവന്താനം പീരുമേട് മേഖലയില്‍ ഇരുപതിലേറെ ആനകളാണ് മനുഷ്യജീവന് ഭീഷണിയായിരിക്കുന്നത്. പ്രദേശത്തെ റബര്‍ തോട്ടങ്ങളിലൂടെയും മറ്റും കുട്ടിയാന ഉള്‍പ്പെടുന്ന സംഘം പാഞ്ഞുവരുന്ന ഭയാനക സാഹചര്യം. പുല്‍മേടുകളില്‍ തമ്പടിച്ചശേഷം പ്രദേശത്തെ കൃഷി ചവിട്ടിയരച്ച് കാടുകയറും. പിന്നീട് എസ്റ്റേറ്റുകളും വനവും താണ്ടി എട്ടു പത്തും കിലോമീറ്റര്‍ നടത്തം. രണ്ടു മോഴയാനകളും കൊലവിളിയുമായി മലയോരത്തുണ്ട്. ഒരു പതിറ്റാണ്ടു മുന്‍പുവരെ പീരുമേട് കൊക്കയാര്‍ വനമേഖലയിലായിരുന്നു ഇവയുടെ വാസം.
അപൂര്‍വമായി മാത്രം നാട്ടിലേക്കിറങ്ങിയാലും പെട്ടെന്ന് ഉള്‍വലിയുക പതിവായിരുന്നു. അടുത്ത കാലത്തായി വീടുകള്‍ക്ക് സമീപവും കൃഷിയിടങ്ങളിലുമായിരിക്കുന്നു ഇവയുടെ വിളയാട്ടം. കാളകെട്ടി, കൊയ്നാട്, കോരുത്തോട്, മതമ്പ, മുറിഞ്ഞപുഴ, പുല്ലുമേട്, ചെന്നാപ്പാറ, കുഴിമാവ്, ബോധി, പ്ലാക്കത്തടം, അഴുത പ്രദേശങ്ങളിലൂടെയാണ് സഞ്ചാരം. പമ്പ, അഴുത, പുല്ലകയാര്‍ എന്നിവിടങ്ങളിലൂടെ നീന്തി പല കരകളിലും കയറി നാശമുണ്ടാക്കും.
ജനവാസമേഖലകളില്‍ എത്തുമ്പോള്‍ പടക്കം പൊട്ടിച്ചും തീ കത്തിച്ചും ജനങ്ങള്‍ ഓടിക്കുകയാണു പതിവ്. തോട്ടങ്ങളിലെ ലയങ്ങള്ക്കുസമീപംവരെ രാത്രികാലങ്ങളില്‍ ആന ഇറങ്ങുന്നുണ്ട്. അപകടസാധ്യത മുന്നില്‍കണ്ടു വനാതിര്‍ത്തി മേഖലകളില്‍ രാത്രികാലങ്ങളില്‍ പലരും യാത്ര ഒഴിവാക്കുകയാണ്. വിദ്യാര്‍ഥികള്‍ സുരക്ഷതേടി ജീപ്പിലും മറ്റുമാണ് യാത്ര.
ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റിലെ റബര്‍ത്തോട്ടത്തിന് നടുവില്‍ വഴിമുടക്കിയും ചിന്നംവിളിച്ചും കാട്ടാനകള്‍ എത്തുന്നതോടെ പലരും ടാപ്പിംഗ് ഉപേക്ഷിച്ചുകഴിഞ്ഞു. മതമ്പ ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ ഇതേ ആനക്കൂട്ടം പലപ്പോഴും ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. എന്നാല്‍, വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സുരക്ഷാ നടപടികള്‍ ഇല്ലാത്തതാണു വീണ്ടും ആളപായം ഉണ്ടാകാന്‍ കാരണമെന്നു പ്രദേശവാസികള്‍ ആരോപിക്കുന്നു.
മലയോരത്ത് കാട്ടാനയുടെ നാലാമത്തെ അരുംകൊല
മുണ്ടക്കയം: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കോട്ടയം ജില്ലാതിര്‍ത്തിയില്‍ ഇത് നാലാമത്തെ മരണം. 2024 മാര്‍ച്ച് അവസാനം കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടയില്‍ തുലാപ്പള്ളി പുളിക്കുന്നത്തുമലയില് ബിജു ദാരുണമായി കൊല്ലപ്പെട്ടു. അരുവിയില്‍ കുളിക്കാന്‍ പോയ പെരുവന്താനം ചെന്നാപ്പാറ പുത്തന്‍വീട്ടില്‍ സോഫിയയെ കാട്ടാന ചവിട്ടിക്കൊന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
സോഫിയയുടെ മരണത്തോടെ കുടുംബം പ്രദേശത്തുനിന്നു താമസം മാറ്റുകയും ചെയ്തു. പീരുമേട് മീന്മുട്ടി വനത്തില്‍ കഴിഞ്ഞ മാസം ആദിവാസി യുവതി സീത മരിച്ചത് കാട്ടാന ആക്രമണത്തിലാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
നാല് പേരെ കൊലപ്പെടുത്തിയ ആനകളെ തുരത്തി വനം കയറ്റിവിടാന്‍ വനപാലകര്‍ക്ക് സാധിച്ചിട്ടില്ല. ഈ ആനകളെല്ലാം പ്രദേശത്ത് ഇപ്പോഴും നാശം വിതച്ച് ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം മതമ്പയ്ക്കും കണയങ്കവയലിനും സമീപം കുട്ടിയാനകള്‍ ഉള്‍പ്പെടെ പതിനഞ്ച് ആനകള്‍ രണ്ടു ദിവസം കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്നു.
കണമലയ്ക്കു സമീപം വയോധികരായ രണ്ട് കര്‍ഷകരെ നാടിറങ്ങിയ കാട്ടുപോത്ത് കുത്തിക്കൊന്നത് രണ്ടു വര്‍ഷം മുന്‍പാണ്. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടം ടാപ്പിംഗ് തൊഴിലാളികള്‍ക്കുനേരേ പാഞ്ഞടുത്തതും തൊഴിലാളി സ്ത്രീ റബര്‍ ചുവടിനു സമീപം കടുവയെ കണ്ടതുമായ സംഭവങ്ങള്‍ക്കുശേഷവും വനംവകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ല.