ദേശീയപാത സമരത്തിന് ഐക്യദാർഢ്യവുമായി ഇടുക്കി രൂപത കത്തോലിക്ക കോൺഗ്രസ്
1579556
Tuesday, July 29, 2025 12:22 AM IST
ചെറുതോണി: ദേശീയപാത -85ന്റെ നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ ഹൈക്കോടതി വിധിക്കെതിരേ പ്രദേശവാസികൾ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ദേശീയപാതയിലെ നേര്യമംഗലം മുതൽ വാളറവരെയുള്ള നിർമാണ പ്രവർത്തനങ്ങളാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിർത്തിവയ്ക്കേണ്ടി വന്നിരിക്കുന്നത്. കേരള സർക്കാരിനുവേണ്ടി വനംവകുപ്പ് അഡീഷണൽ സെക്രട്ടറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവുണ്ടായത്.
വിനോദസഞ്ചാര മേഖലയായ മൂന്നാറിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡിന്റെ നിർമാണ പ്രവർത്തനങ്ങളാണ് തടസപ്പെടുത്തിയിരിക്കുന്നത്. ഈ റോഡിന്റെ നൂറടി വീതിയിലുള്ള പ്രദേശം പൂർണമായും പിഡബ്ല്യുഡി വകുപ്പിന് അവകാശപ്പെട്ടതാണെന്ന മുൻ കോടതിവിധി കണക്കിലെടുക്കാതെയാണ് ഇപ്പോൾ പുതിയ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
കൃഷിക്കാരുടെ കൈവശഭൂമിയിലും പട്ടയഭൂമിയിലും അവകാശവും അധികാരവും സ്ഥാപിച്ചെടുക്കാനുള്ള വനം വകുപ്പിന്റെ കുത്സിതശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ദേശീയപാത നിർമാണം തടഞ്ഞ നടപടി. വനംവകുപ്പിനെതിരേയുള്ള കേസുകൾ കോടതിയിൽ എത്തുമ്പോൾ വേണ്ടത്ര പഠനം നടത്താതെ സർക്കാർ അഭിഭാഷകൻ കോടതിയിൽ ഹാജരാകാതെവരുന്നത് പുതിയ അനുഭവമല്ല.
പൊതുമരാമത്ത് വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും അഭിഭാഷകർ ഈ കേസിൽ കോടതിയിൽ ഹാജരായി സത്യവാങ്മൂലം സമർപ്പിക്കാതിരുന്നതും ജനങ്ങൾക്ക് തിരിച്ചടിയായി. വനംവകുപ്പിന്റെ അഭിഭാഷകർ മാത്രമാണ് ഇത്തരം കേസുകളിൽ കോടതി മുമ്പാകെ എത്തുന്നത്. യഥാർഥ രേഖകൾ കോടതിയിൽ ഹാജരാക്കി അടിയന്തര നടപടികൾ സ്വീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
അടിമാലിയിൽ ചേർന്ന കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാ കമ്മിറ്റിയോഗം ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, വൈസ് പ്രസിഡന്റുമാരായ ജോസ് തോമസ് ഒഴികയിൽ, സാബു കുന്നുംപുറം, ഫാ. മർക്കോസ് ചിറ്റേമാരിയിൽ, ഫാ.ജോർജ് പാട്ടത്തെക്കുഴി, ഫാ. റോണി തൂമ്പുങ്കൽ, ഫാ. ജോർജ് കരിവേലിക്കൽ, ഫാ. ജോസഫ് കുറ്റിക്കാട്ട്, ഫാ. ജോസഫ് മേനാമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.