വണ്ണപ്പുറത്ത് മോഷണം തുടർക്കഥ ; വീട്ടിൽ കയറി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്തു
1580335
Thursday, July 31, 2025 11:43 PM IST
വണ്ണപ്പുറം: കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. വീട്ടിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു. കോഴിക്കവല കളപ്പുര ലില്ലി വർഗീസിന്റെ മാലയാണ് മോഷ്ടാക്കൾ പൊട്ടിച്ചെടുത്തത്. മകൻ വിദേശത്തായതിനാൽ ലില്ലി വർഗീസും ബന്ധുക്കളായ രണ്ടു കുട്ടികളുമാണ് ഇവിടെ താമസം. വണ്ണപ്പുറം കോഴിക്കവലയിൽ ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം.
അടുക്കള ഭാഗത്തെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. ഈ ഭാഗത്തുള്ള ജനൽ കുത്തിത്തുറന്ന് അടുക്കള വാതിലിന്റെ ഓടാന്പൽ നീക്കിയാണ് വീടിനുള്ളിൽ കടന്നതെന്നാണ് സൂചന. ഇരുട്ടിൽ മാല പൊട്ടിച്ചത് തിരിച്ചറിഞ്ഞ ലില്ലി ഇതിൽ ബലമായി പിടിച്ചതോടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. മൂന്നുപവന്റെ മാലയുടെ രണ്ടു പവനോളം നഷ്ടപ്പെട്ടു.
ഉടൻ കാളിയാർ പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന കോട്ട് സ്ഥലത്ത് കിടപ്പുണ്ടായിരുന്നു. ഇതിൽ മണം പിടിച്ച പോലീസ് നായ വണ്ണപ്പുറം - തൊമ്മൻകുത്ത് റോഡിലേക്ക് ഓടുകയും ചെയ്തു. മോഷ്ടാവിനായി അന്വേഷണം ഊർജിതമാക്കിയെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കാൻ തീരുമാനിച്ചതായും കാളിയാർ എസ്എച്ച്ഒ ബിജു ജോണ് ലൂക്കോസ് പറഞ്ഞു.
ഇതിനിടെ വണ്ണപ്പുറം മേഖലയിൽ മോഷണവും അതിക്രമങ്ങളും പതിവാകുന്നതിൽ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. ഏതാനും ദിവസം മുന്പ് ടൗണിനു സമീപത്തെ വീട്ടിൽനിന്ന് 11 ലക്ഷത്തിന്റെ സ്വർണ, വജ്രാഭരണങ്ങൾ കവർന്നിരുന്നു.