ഓട നിർമിക്കാൻ കുഴിയെടുത്തു; കട വരാന്ത ഇടിഞ്ഞുവീണു
1580548
Friday, August 1, 2025 11:21 PM IST
കരിമണ്ണൂർ: റോഡരികിൽ ഓട നിർമിക്കാൻ കുഴിയെടുത്തതിനെത്തുടർന്ന് കടയുടെ വരാന്ത ഇടിഞ്ഞ സംഭവത്തിൽ കരാറുകാരൻ അലംഭാവം കാട്ടുന്നതായി പരാതി. നെയ്യശേരി- തോക്കുന്പൻ സാഡിൽ റോഡരികിൽ തൊമ്മൻകുത്ത് ജംഗ്ഷനിലെ ഹോട്ടലിന്റെ വരാന്തയാണ് ഇടിഞ്ഞ് താഴേക്ക് പതിച്ചത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഓടയുടെ നിർമാണം പൂർത്തിയാക്കാൻ കരാറുകാരൻ തയാറാകാത്തതാണ് ഇപ്പോൾ പരാതിക്കിടയാക്കിയത്.
ഏതാനും ദിവസം മുന്പാണ് ഇവിടെ ഓട നിർമാണത്തിനായി കുഴിയെടുത്തത്. കെട്ടിടത്തോട് ചേർന്ന് കുഴിയെടുക്കുന്നത് അപകടത്തിനിടയാക്കുമെന്ന് ഉടമസ്ഥൻ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഉടൻതന്നെ ഓടയുടെ നിർമാണം പൂർത്തിയാക്കുമെന്ന് കരാർ കന്പനി ജീവനക്കാർ ഉറപ്പ് നൽകിയിരുന്നതായി കടയുടമ പറഞ്ഞു.
എന്നാൽ നിർമാണം നീളുകയും കാലാവർഷം ശക്തമാകുകയും ചെയ്തതോടെ കെട്ടിടത്തിന്റെ വരാന്തയുടെ മുൻഭാഗം ഇടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. ഇക്കാര്യം കരാർ കന്പനിയെ അറിയിച്ചെങ്കിലും ഇതുവരെ ഇടിഞ്ഞ ഭാഗം നിർമിച്ചുനൽകാൻ തയാറായിട്ടില്ല.
ഇതേ കെട്ടിടത്തിനു സമീപം മണൽ ചാക്കുകളും നിറച്ചുവച്ചിട്ടുണ്ട്. ഇതും ഏത് സമയവും ഇടിയുമെന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്. പാതിവഴിയിൽ നിർത്തിയിരിക്കുന്ന നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.