ജില്ലാ പോലീസ് മേധാവി വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു
1579804
Tuesday, July 29, 2025 11:45 PM IST
ഇടുക്കി: ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് സ്ഥാനമൊഴിഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സഹപ്രപ്രവർത്തകർ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. 2023 നവംബർ 14നാണ് ജില്ലാ പോലീസ് മേധാവിയായി വിഷ്ണുപ്രദീപ് സ്ഥാനമേറ്റെടുത്തത്. സ്ഥാനം ഏറ്റെടുത്തതുമുതൽ കൃത്യനിഷ്ഠതയോടെയും കണിശതയോടെയും പ്രവർത്തിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് സ്വദേശിയായ വിഷ്ണുപ്രദീപ് 2018 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. തലശേരിയിലും പേരാന്പ്രയിലും എഎസ്പിയായി ചുമതല വഹിച്ച ശേഷം കെഎപി നാലാം ബറ്റാലിയനിൽ കമാൻഡാന്റായി.
പിന്നീടാണ് ജില്ലാ മേധാവിയായി നിയമിതനാകുന്നത്. ബിടെക് , ഐടി ബിരുദധാരിയാണ്. 2022 ലെ കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരത്തിന് അർഹനായിരുന്നു. കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവിയായാണ് പുതിയ നിയമനം. പുതിയ ജില്ലാ പോലീസ് മേധവിയായി കെ.എം. സാബു മാത്യു നാളെ ചുമതലയേൽക്കും