ജില്ലയിൽ ഇ-മാലിന്യശേഖരണം തുടങ്ങി
1579550
Tuesday, July 29, 2025 12:22 AM IST
തൊടുപുഴ: വീടുകളിൽനിന്നും ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഉപയോഗശൂന്യമായ ഇലക്ട്രോ ണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, കംപ്യൂട്ടർ, മൊബൈൽ ചാർജർ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തൊടുപുഴ നഗരസഭയിലെ ഇ-മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം മുതലക്കോടത്ത് നഗരസഭാ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. നഗരസഭയിലെ 28 വീടുകളിൽനിന്ന് 238 കിലോ മാലിന്യം ശേഖരിച്ച് പ്രതിഫലമായി 4,696 രൂപ നൽകി.
വാർഡ് കൗണ്‍സിലറെ അറിയിക്കുന്നതനുസരിച്ച് വരുംദിവസങ്ങളിൽ എല്ലാ വാർഡുകളിൽനിന്നും ശേഖരണം നടത്തുമെന്ന് ചെയർമാൻ പറഞ്ഞു.
കട്ടപ്പന നഗരസഭയിലെ ഇ-മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി നിർവഹിച്ചു. 17, 20, 21 വാർഡുകളിൽനിന്നും 250 കിലോ ശേഖരിച്ചു. ബാക്കി വാർഡുകളിൽനിന്നും ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചെയർപേഴ്സണ്‍ പറഞ്ഞു.
കട്ടപ്പന നഗരസഭയിൽ എല്ലാ വീടുകളിൽനിന്നും നേരിട്ട് ശേഖരിക്കുന്നതിനു പകരം ഓരോ വാർഡിലും പ്രത്യേക പോയിന്റുകൾ നിശ്ചയിച്ചാണ് ഇ-മാലിന്യം ശേഖരിക്കുന്നത്. വാർഡുകളിലെ പോയിന്റുകൾക്കു പുറമേ നഗരസഭാ ഓഫീസിനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രവർത്തിക്കുന്ന തരത്തിൽ കളക്ഷൻ പോയിന്റും ഏർപ്പെടുത്തിയിട്ടുണ്ട്.
കടകളിൽ വില കിട്ടുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുകയും ബാക്കിയുള്ളവ പരിസരത്തു കൂട്ടിയിട്ട് മണ്ണിനെയും ജലസ്രോതസുകളെയും മലിനമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണം നൽകി വീടുകളിൽനിന്നും ഇത്തരം വസ്തുക്കൾ നഗരസഭ ഹരിതകർമസേനവഴി നേരിട്ട് ശേഖരിക്കുന്നത്.
ഈ തുക ഹരിതകർമസേനയുടെ കണ്‍സോർഷ്യം ഫണ്ടിൽനിന്നാണ് നൽകുന്നത്. ഇത്തരത്തിൽ ശേഖരിച്ച ഇ-മാലിന്യം സർക്കാർ നിർദേശപ്രകാരം ക്ലീൻ കേരള കന്പനിക്ക് കൈമാറും.