"ബിർയാണി'യിൽ കുടുങ്ങി അധ്യാപകർ; പുതിയ സ്കൂൾ മെനു ഇന്നുമുതൽ
1580339
Thursday, July 31, 2025 11:43 PM IST
തൊടുപുഴ: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള മെനു ഇന്നുമുതൽ നടപ്പാകും. നിലവിലുള്ള ഉച്ചഭക്ഷണപദ്ധതി പണം കിട്ടാതെ ഞെരുങ്ങുമ്പോഴാണ് സർക്കാർ മെനു പരിഷ്കരിച്ചത്. ദേശീയ കുടുംബാരോഗ്യ സർവേപ്രകാരം കേരളത്തിലെ കുട്ടികളിൽ 39 ശതമാനം പേർക്കു വിളർച്ചയും 38 ശതമാനം പേർക്ക് അമിതവണ്ണവും കണ്ടെത്തിയതാണ് മെനു പരിഷ്കരിക്കാൻ കാരണം.
ഭക്ഷണത്തോടൊപ്പം പുതിയ രീതിയിലുള്ള ആഹാരം പോഷക സന്പുഷ്ടമായി നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ അനുവദിച്ചിരിക്കുന്ന ഫണ്ടിൽനിന്നുതന്നെ തയാറാക്കാൻ കഴിയുമെന്നു കണ്ടെത്തിയ ഇനങ്ങളാണ് ഉൾപ്പെടുത്തിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വാദമെങ്കിലും ഇത് അധ്യാപകർ തള്ളുന്നു.
മെനു കൊള്ളാം പക്ഷേ,
പരിഷ്കരിച്ച മെനു നല്ലതെങ്കിലും എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ. ഒരു കുട്ടിക്ക് പ്രൈമറി ക്ലാസിൽ 6.78 രൂപയും യുപി മുതൽ 10.17 രൂപയുമാണ് ഉച്ചഭക്ഷണത്തിന് ഒരു ദിവസം സർക്കാർ അനുവദിക്കുന്നത്. വിദ്യാർഥികളുടെ എണ്ണത്തിന് അനുസരിച്ച് നിരക്കിൽ മാറ്റം വരാം. അരി മാവേലി സ്റ്റോറുകളിൽനിന്നു ലഭിക്കും. പാചകത്തൊഴിലാളികളുടെ വേതനവും സർക്കാർ നൽകും.
പാചകവാതകം, പച്ചക്കറികൾ ഇവ എത്തിക്കാനുള്ള വാഹനക്കൂലിയും ചേർത്താണ് സർക്കാർ വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ഈ തുക ഉപയോഗിച്ച് നിലവിലെ ഭക്ഷണ വിതരണം പോലും നടത്താൻ ബുദ്ധിമുട്ടിയിരുന്നു. അപ്പോഴാണ് തുക കൂട്ടാതെ മെനു പരിഷ്കരണം.
അരിയും മുടങ്ങുന്നു
കഴിഞ്ഞ ദിവസങ്ങളിൽ അരിവിതരണ കേന്ദ്രത്തിലെ തൊഴിൽ തർക്കം മൂലം സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. പുറമെനിന്ന് അരിയെത്തിച്ചാണ് അധ്യാപകർ ഭക്ഷണം മുടങ്ങാതെ നോക്കിയത്. ഇതിനിടെ, സർക്കാർ വിഹിതം കുടിശികയായതോടെ പ്രതിപക്ഷ അധ്യാപക സംഘടന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശത്തെത്തുടർന്നാണ് മൂന്നു മാസത്തെ കുടിശിക സർക്കാർ അനുവദിച്ചത്. വൻ വിലക്കയറ്റം നിലനിൽക്കുന്പോഴും കഴിഞ്ഞ വർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 60 പൈസയുടെ നാമമാത്ര വർധനയാണ് സർക്കാർ നടപ്പാക്കിയത്.
ജോലിഭാരം കൂടും
പുതിയ മെനു പ്രകാരം പാചകത്തൊഴിലാളികളുടെ ജോലി ഭാരം വർധിക്കും. 500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു പാചകത്തൊഴിലാളിയാണുള്ളത്. നിലവിൽ ചോറും കറികളും മുട്ടയും പാലുമൊക്കെ തയാറാക്കുന്നത് ഒരാൾ തന്നെ.
ഇനി വ്യത്യസ്ത വിഭവങ്ങൾ തയാറാക്കേണ്ടതും ഇവരുടെ ചുമതലയാണ്. നിലവിൽ 600 രൂപയാണ് ഇവർക്കു വേതനം.
ജോലിഭാരം വർധിച്ചാൽ ഒരാളെക്കൂടി സഹായത്തിനുവച്ചാൽ അവർക്കും ഇതിൽനിന്നു കൂലി നൽകേണ്ടി വരും. അതിനാൽ വേതനവർധന വേണമെന്നാണ് പാചകത്തൊഴിലാളികളുടെ ആവശ്യം.
രുചിക്കൂട്ട്
ഇങ്ങനെ
വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമണ് റൈസ്, വെജ് ബിരിയാണി, ടുമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയോടൊപ്പം വെജിറ്റബിൾ കറിയോ കുറുമയോ ആഴ്ചയിൽ ഒരു ദിവസം നൽകണം. ഇതിനു പുറമെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തു തയാറാക്കുന്ന ചമ്മന്തിയും നൽകണം. മാസത്തിൽ ഒന്നോ രണ്ടോ ദിവസം മൈക്രോ ഗ്രീൻസും നൽകണം. പരിഷ്കരിച്ച മെനു സ്കൂൾ നോട്ടീസ് ബോർഡിലും ഓഫീസിന്റെയും പാചകപ്പുരയുടെ ചുമരിലും പ്രദർശിപ്പിക്കണം. ഇന്നു മുതൽ നടപ്പാക്കുന്ന പരിഷ്കരിച്ച മെനുവിനെക്കുറിച്ചു കുട്ടികളുടെ അഭിപ്രായവും തേടണം.