ബാങ്കുകൾ നെൽകർഷകരുടെ സിബിൽ സ്കോർ ഇടിക്കുന്നു: കർഷക ഫെഡറേഷൻ
1580333
Thursday, July 31, 2025 11:43 PM IST
തൊടുപുഴ: നെൽകർഷകരുടെ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിൽ സ്കോർ കുറയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കേരള കർഷക ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
കർഷകർ വിൽക്കുന്ന നെല്ലിന്റെ വില അവർക്കു തിരികെ നൽകുന്നത് വായ്പയായാണ്. ഈ വായ്പയുടെ സർവീസ് ചാർജായ 13 രൂപ ബാങ്കുകൾ കർഷകന്റെ അക്കൗണ്ടിൽനിന്ന് ഈടാക്കാതിരിക്കുകയും പിന്നീട് ഇതു തിരിച്ചടച്ചില്ലെന്ന കാരണത്താൽ ബാങ്കുകൾ സിബിൽ സ്കോർ കുറയ്ക്കുകയും ചെയ്യുന്നത് ക്രൂരതയാണെന്ന് കേരള കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സി. ശിവശങ്കരൻ പറഞ്ഞു.
നെല്ലിന്റെ വില നൽകി മൂന്നു മുതൽ നാലു മാസം വരെ കഴിഞ്ഞാണ് ബാങ്കിന്റെ അക്കൗണ്ടിൽ ഈ തുക എത്തുന്നത്. കർഷകരുടെ വായ്പ സിബിൽ സ്കോറിനെ ബാധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെങ്കിലും അതെല്ലാം കാറ്റിൽപ്പറത്തിയാണ് ബാങ്കുകൾ പ്രവർത്തിക്കുന്നത്. ഇതുമൂലം കർഷകർക്കു വായ്പ ലഭിക്കുന്നതിനു തടസം ഉണ്ടാകുന്ന സാഹചര്യമാണുള്ളത്. ബാങ്കുകളുടെ ഈ നടപടിക്കെതിരേ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കേരള കർഷക ഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.