ലോംഗ് മാർച്ച് ഇന്ന്; നാടൊന്നാകെ എത്തും
1580196
Thursday, July 31, 2025 6:38 AM IST
തൊടുപുഴ: ദേശീയ പാത-85ന്റെ ഭാഗമായ നേര്യമംഗലം-വാളറ ഭാഗത്തെ നിർമാണം തടഞ്ഞ നടപടിയിൽ പ്രതിഷേധിച്ച് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്നു നേര്യമംഗലത്തേക്കു ലോംഗ് മാർച്ച് നടത്തും. വിവിധ മത, സാമൂഹ്യ, സാംസ്കാരിക സംഘടനകളും മതമേലധ്യക്ഷൻമാരും ഉൾപ്പെടെ ലോംഗ് മാർച്ചിൽ പങ്കെടുക്കും.
ഉച്ചയ്ക്ക് 12-ഓടെ നേര്യമംഗലം പാലത്തിനു സമീപം മാർച്ച് സമാപിക്കും. തുടർന്നു ചേരുന്ന പൊതുസമ്മേളനത്തിൽ പ്രമുഖർ പ്രസംഗിക്കും.
ദേശീയ പാതയിലെ നിർമാണം തടഞ്ഞ ഭാഗം 1924-ലെ മഹാപ്രളയത്തെ തുടർന്നു പഴയ ആലുവ-മൂന്നാർ റോഡ് തകർന്നു പോയശേഷം 1932-ൽ നിർമിച്ചതാണ്. പിന്നീടിത് കൊച്ചി-രാമേശ്വരം ദേശീയപാതയുടെ ഭാഗമായി മാറി. പാതയുടെ നിർമിതിക്കുവേണ്ടി ശ്രമിച്ചപ്പോഴൊക്കെ വനംവകുപ്പ് തടസവാദവുമായി രംഗത്തെത്തിയിരുന്നു.
1996-ൽ സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിലൂടെ വനംവകുപ്പ് ദേശീയപാത നിർമാണത്തിൽ ഇടപെടുന്നത് വിലക്കിയിരുന്നു. ഒടുവിൽ 2023ലാണ് ദേശീയ പാത വികസനത്തിനുള്ള നിലവിലെ നിർമാണങ്ങൾ ആരംഭിച്ചത്. ഈ ഘട്ടത്തിലും വനംവകുപ്പ് തടസവാദം ഉന്നയിച്ചു.