യുവാവ് കൊക്കയിൽ വീണു: ഫയർഫോഴ്സ് പുറത്തെത്തിച്ചു
1579563
Tuesday, July 29, 2025 12:22 AM IST
മൂലമറ്റം: കാഞ്ഞാർ-വാഗമണ് റൂട്ടിൽ കുന്പങ്കാനം ചാത്തൻപാറയിലെ വ്യൂ പോയിന്റിൽനിന്നു യുവാവ് കൊക്കയിൽ വീണു. 350 അടി താഴ്ചയിലേയ്ക്ക് പതിച്ച യുവാവിനെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ രക്ഷാപ്രവർത്തനം നടത്തിയതിനൊടുവിൽ പുറത്തെത്തിച്ചു. കഴിഞ്ഞ ദിവസം കൊച്ചി തോപ്പുപടി സ്വദേശിയും വൈദ്യുതി ബോർഡ് റിട്ട. എൻജിനിയറുമായ തോബിയാസ് വീണുമരിച്ച അതേ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്. തൊടുപുഴ വെങ്ങല്ലൂർ നന്പ്യാർമഠത്തിൽ വിഷ്ണു എസ്. നായർ (34) ആണ് കാൽവഴുതി കൊക്കയിൽ വീണത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഷ്ണു അപകടനില തരണം ചെയ്തു.
ഞായറാഴ്ച രാത്രി 10.30 ഓടെയാണ് അപകടം. വിഷ്ണു ഉൾപ്പെടെ ഏഴംഗസംഘം വാഗമണ് സന്ദർശനത്തിനായി പോകുകയായിരുന്നു. വ്യൂ പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയപ്പോൾ വിഷ്ണു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ആദ്യം കൂടുതൽ താഴേയ്ക്കു വീഴാത്തതിനെത്തുടർന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തുണികൾ കൂട്ടിക്കെട്ടി ഇറങ്ങിയെങ്കിലും വിഷ്ണു വീണ്ടും താഴേയ്ക്ക് പതിക്കുകയായിരുന്നു. രക്ഷപ്പെടുത്താനിറങ്ങിയയാളെ ഒപ്പമുണ്ടായിരുന്നവർ വലിച്ചു മുകളിലേയ്ക്ക് കയറ്റി. പിന്നീട് ഇവർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽനിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.
ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഷിന്റോ ജോസ്, സിവിൽ ഡിഫൻസ് അംഗം ജെയ്മോൻ ജോസ് എന്നിവർ വടത്തിലൂടെ കൊക്കയിലിറങ്ങി തെരച്ചിൽ നടത്തി വിഷ്ണു വീണു കിടക്കുന്ന സ്ഥലം മനസിലാക്കി. കഴിഞ്ഞ ദിവസം മരിച്ച തോബിയാസ് വീണുകിടന്ന അതേ സ്ഥലത്തുതന്നെയാണ് ഇയാളും വീണുകിടന്നിരുന്നത്. പിന്നീട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ജിബി പി. വരന്പനാട്ട് എന്നിവരും കൊക്കയിലിറങ്ങി. പുലർച്ചെ ഒന്നരവരെ നീണ്ട സാഹസിക ദൗത്യത്തിനൊടുവിൽ പരിക്കേറ്റ വിഷ്ണുവിനെ മുകളിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പോലീസ്, കെഎസ്ഇബി അധികൃതരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
സുരക്ഷയില്ലാതെ വ്യൂ പോയിന്റ്
നാലു ദിവസം മുന്പാണ് തോപ്പുംപടി സ്വദേശി തോബിയാസ് ഇവിടെ കൊക്കയിൽ വീണു മരിച്ചത്. ചാത്തൻപാറ വ്യൂ പോയിന്റിന്റെ ഒരു വശം 500 അടിയിലേറെ താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതിവിശാലമായ ദൂരക്കാഴ്ച ഇവിടെ നിന്നാൽ ആസ്വദിക്കാനാകും. ഇതുവഴി വാഗമണ്ണിലേക്ക് പോകുന്നതും വരുന്നതുമായ വിനോദസഞ്ചാരികൾ ഇവിടെ ഇറങ്ങി പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതും ഫോട്ടോ എടുക്കുന്നതും സാധാരണമാണ്. കോടമഞ്ഞുള്ള സമയത്ത് കാണാനായി നിരവധിപ്പേർ ഇവിടെ എത്താറുണ്ട്.
മഴക്കാലത്ത് നേരം ഇരുട്ടിത്തുടങ്ങുന്നതോടെ കോടമഞ്ഞ് വന്നുനിറയും. തൊട്ടടുത്ത് നിൽക്കുന്ന ആളെപ്പോലും കാണാൻ സാധിക്കാത്തവിധം കോടമഞ്ഞ് പ്രദേശമാകെ പടരും. റോഡിന് താഴെ ഭാഗത്തുള്ള ആഴമേറിയ കൊക്ക പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. ഇതാണ് ഇവിടെയെത്തുന്നവരെ അപകടത്തിലേക്ക് നയിക്കുന്നത്. എന്നാൽ ഏറെ അപകട സാധ്യതയുള്ള പ്രദേശമായിട്ടും മതിയായ സുരക്ഷാ വേലിയോ മറ്റു സംവിധാനങ്ങളോ ഇവിടെ ഇല്ല.
ഏതാനും വർഷത്തിനിടെ 12 ഓളം ആളുകളാണ് ഈ ഭാഗങ്ങളിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. ഇതിൽ ഏഴുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇതിനിടെ കാഴ്ച മറയാത്ത തരത്തിൽ ഇവിടെ മെറ്റൽ വേലി സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. വ്യൂ പോയിന്റിൽ 170 മീറ്റർ വേലി സ്ഥാപിക്കും. ഇതിനായി 17 ലക്ഷം രൂപയുടെ ടെൻഡറാണ് പൂർത്തിയാകുന്നത്.