ലോംഗ് മാർച്ചിന് പിന്തുണയുമായി 111 സ്വതന്ത്ര കർഷക സംഘടനകൾ
1579554
Tuesday, July 29, 2025 12:22 AM IST
തൊടുപുഴ: ദേശീയപാത 85-ന്റെ ഭാഗമായ നേര്യമംഗലം മുതൽ വാളറ വരെയുള്ള നിർമാണം നിർത്തിവയ്ക്കുന്നതിന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതിനു സാഹചര്യം ഒരുക്കിയ വനം അഡീഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, ഹൈറേഞ്ച് സർക്കിൾ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് എന്നിവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യണമെന്ന് കർഷക മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് 31ന് നടക്കുന്ന ലോംഗ് മാർച്ചിന് കർഷക മഹാപഞ്ചായത്തിൽ ഉൾപ്പെട്ട 111 സ്വതന്ത്ര കർഷക സംഘടനകൾ പിന്തുണ നൽകും. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും തീരുമാനങ്ങളെ അവഗണിച്ചും തീവ്രപരിസ്ഥിതി സംഘടനകളെ സഹായിക്കാൻ 1936-ൽ ഇറക്കിയ വനം ഡിനോട്ടിഫിക്കേഷൻ വിജ്ഞാപനത്തെ പൂഴ്ത്തിവച്ചും ദേശീയപാത വികസനത്തിന്റെ നിർമാണം തടസപ്പെടാൻ ഇടയാക്കിയ നിരോധന ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതിയെ നിർബന്ധിതമാക്കിയത് വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ തെറ്റായ സത്യവാംഗ് മൂലമാണ്.
അടിയന്തര ഹർജി
നൽകണം
1936-ൽ നേര്യമംഗലം-വാളറ വഴിയുള്ള നേര്യമംഗലം-പള്ളിവാസൽ റോഡിനായി 100 അടി വീതിയിൽ മലയാറ്റൂർ ഇടിയറ റിസർവ് വന നോട്ടിഫിക്കേഷൻ ഡിറിസർവ് ചെയ്ത ഉത്തരവിന്റെ കോപ്പിയും വാളറ കേസിൽ ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽതന്നെ നേരിട്ട് ഹാജരായി സംസ്ഥാന സർക്കാരിന് പറ്റിയ തെറ്റ് സമ്മതിച്ച് ഹൈക്കോടതി ഉത്തരവ് തിരുത്തുന്നതിനായി അടിയന്തര ഹർജി നൽകണമെന്നും ആവശ്യപ്പെട്ടു.
കർഷക മഹാപഞ്ചായത്ത് പ്രാഥമികമായി നടത്തിയ പഠനത്തിൽ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും മുഴുവൻ വൈദ്യുത പദ്ധതികളും 220 കെവി ഹൈടെൻഷൻ വൈദ്യുതി ലൈനുകളും പശ്ചിമഘട്ടത്തിൽകൂടിയുള്ള മുഴുവൻ റോഡ്-റെയിൽ പാതകളും നിർമിച്ചിരിക്കുന്നത് ഡിറിസർവേഷൻ നോട്ടിഫിക്കേഷനില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ 50ൽപരം നിയോജക മണ്ഡലങ്ങളിൽ കഴിഞ്ഞ 100 വർഷമായി നൽകിയ പട്ടയങ്ങളും ഭൂമിദാനംചെയ്യലുമെല്ലാം വിധിയുടെ അടിസ്ഥാനത്തിൽ നിയമവിരുദ്ധമാണെന്ന നിലപാടിലേക്ക് എത്താനിടയുണ്ട്. ഇടുക്കി കളക്ടറേറ്റ് പോലും നിയമവിരുദ്ധമായി നിർമിച്ചതാണെന്ന വാദം ഉയരാം.
സംസ്ഥാനത്ത് വൃക്ഷാവരണം 54.7 ശതമാനം
ഗൗരവമേറിയ ഈ വിഷയം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കുകയും രാജ്യത്ത് 24.6 ശതമാനം മാത്രം വൃക്ഷാവരണമുള്ളപ്പോൾ സംസ്ഥാനത്തിത് 54.7 ശതമാനമാണ്.
ഇവിടെ വനത്തിലുള്ള മരങ്ങളെക്കാൾ കർഷകരുടെ കൃഷിയിടങ്ങളിൽ ഇവയുണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 2023-ലെ ഇന്ത്യ സ്റ്റേറ്റ് ഫോറസ്റ്റ് റിപ്പോർട്ട് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ റിസർവ് വനം മറ്റാവശ്യങ്ങൾക്കുപയോഗിക്കുന്നതിനും വനത്തിലെ മരങ്ങൾ വെട്ടുന്നതിനും സ്വതന്ത്ര നയം രൂപീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തയാറാകണമെന്നും കർഷക മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
യോഗത്തിൽ ജയിംസ് വടക്കൻ, കെ.വി. ബിജു, ഡിജോ കാപ്പൻ, ജോയി കണ്ണൻചിറ, മാത്യു ജോസ് മാങ്കുളം, സുജി മാസ്റ്റർ, അഡ്വ. സുമിൻ നെടുങ്ങാടൻ, റോജർ സെബാസ്റ്റ്യൻ, ഡോ. ജോസുകുട്ടി ഒഴുകയിൽ, കമൽ വയനാട്, ബോണി ജേക്കബ്, ജിന്നറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു.