മാട്ടുപ്പെട്ടി ഡാം തുറന്നു
1579560
Tuesday, July 29, 2025 12:22 AM IST
മൂന്നാർ: കനത്ത മഴയിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതോടെ മാട്ടുപ്പെട്ടി ഡാമിലെ വെള്ളം തുറന്നുവിട്ടു.
തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് ഡാം തുറന്നത്. മൂന്ന് റേഡിയൽ സ്പിൽവേയിൽ ഒരു സ്പിൽവേയിലൂടെയാണ് വെള്ളം തുറന്നുവിട്ടത്. 1599.59 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. റെഡ് അലർട്ട് പുറപ്പെടുവിക്കാനുള്ള അളവായ 1598 മീറ്റർ എത്തിയതോടെയാണ് വെള്ളം തുറന്നുവിട്ടത്. തിങ്കളാഴ്ച മുൻ ദിവസങ്ങളെക്കാൾ മഴ കുറവായിരുന്നെങ്കിലും ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിരുന്നതിനാലാണ് ഡാം തുറന്നത്.
വെള്ളം ഒഴുകിയെത്തുന്ന മുതിരപ്പുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് പള്ളിവാസൽ ജലവൈദ്യുതിയുടെ ഭാഗമായ മാട്ടുപ്പെട്ടി ഡാം ഒക്ടോബർ - നവംബർ മാസങ്ങളിലാണ് സാധാരണയായി പരമാവധി സംഭരണശേഷിയോട് അടുക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതാണ് പതിവിലും നേരത്തേ ഡാം നിറയുന്നതിന് കാരണമായത്.