കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവം: പ്രതിഷേധം അലയടിക്കുന്നു
1579545
Tuesday, July 29, 2025 12:22 AM IST
തൊടുപുഴ: ഇന്ത്യൻ ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും വിലകൽപ്പിക്കാതെ അകാരണമായി ആൾക്കൂട്ട വിചാരണ നടത്തി നിയമവാഴ്ചയെ വെല്ലുവിളിച്ച് ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അപമാനിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്ത സംഭവത്തിൽ നാടെങ്ങും പ്രതിഷേധം അലയടിക്കുന്നു. ഏതാനും നാളുകളായി വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ രൂക്ഷമായ അക്രമ സംഭവങ്ങളാണ് ഉണ്ടാകുന്നത്.
മഹാരാഷ്ട്രയിൽ ക്രൈസ്തവരെ മർദിക്കുന്നവർക്ക് മന്ത്രി തന്നെ പ്രതിഫലം വാഗ്ദാനം ചെയ്തത് സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനയോടുള്ള വെല്ലുവിളിയുമായേ കാണാനാകൂ. നാനാത്വത്തിൽ ഏകത്വം എന്ന ഭാരത സംസ്കാരത്തിന്റെ മഹത്തായ പാരന്പര്യത്തിന് എതിരായ നടപടികളാണ് സമീപകാലങ്ങളിൽ അരങ്ങേറുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ സാമൂഹ്യ സേവനം നടത്തുന്ന കന്യാസ്ത്രീകൾക്കെതിരേയുണ്ടായ സംഭവം.
മതേതരത്വത്തിന് ഭീഷണി
പി.ജെ. ജോസഫ്
തൊടുപുഴ: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകൾക്കെതിരേ കെട്ടിച്ചമച്ച കേസ് ഇന്ത്യയുടെ മതേതരത്വത്തിനു ഭീഷണിയാണെന്ന് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ. കേന്ദ്രസർക്കാരും ഛത്തീസ്ഗഡ് സർക്കാരും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണം.
ന്യൂനപക്ഷങ്ങൾക്കെതിരേ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങൾ പ്രതിഷേധാർഹമാണ്. സാമൂഹ്യസേവന രംഗത്ത് നിസ്വാർത്ഥയോടെ പ്രവർത്തിക്കുന്നവരെ ആൾക്കൂട്ട വിചാരണയ്ക്കു വിധേയരാക്കുന്ന പ്രാകൃതവും കിരാതവുമായ നടപടി അങ്ങേയറ്റം അപലപനീയമാണ്. സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു.
ഭരണഘടനയോടുള്ള
വെല്ലുവിളി: പി.സി. ജോസഫ്
തൊടുപുഴ: ഛത്തീസ്ഗഡിൽ റെയിൽവേ സ്റ്റേഷനിൽ ബജ്റംഗ്ദളുകാരുടെ ആൾക്കൂട്ട വിചാരണയ്ക്കുശേഷം അറസ്റ്റ് ചെയ്യപ്പെട്ട രണ്ടു മലയാളി കന്യാസ്ത്രീകളെയും അവിടെനിന്നുള്ള മൂന്നു ക്രിസ്ത്യൻ പെണ്കുട്ടികളെയും മതപരിവർത്തനം ആരോപിച്ച് തടവിലാക്കിയത് ക്രൂരമായ നടപടിയാണെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ് എക്സ് എംഎൽഎ പറഞ്ഞു. ഇതൊരു ക്രിസ്ത്യൻ പ്രശ്നമായിട്ടല്ല കാണേണ്ടത്.
75 വർഷം പിന്നിടുന്ന മഹത്തായ ഭരണഘടനയ്ക്കെതിരേ വർഗീയവാദികൾ ഉയർത്തുന്ന ഭയാനകമായ വെല്ലുവിളിയാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മതസംരക്ഷണവും മതസ്വാതന്ത്ര്യവും ബിജെപി സർക്കാർ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ അരമനകളിൽ സമ്മാനവുമായി കയറിയിറങ്ങുന്നവർ പാവപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന കന്യാസ്ത്രീകളെ ഭീഷണപ്പെടുത്തുന്നതും ജയിലിൽ അടയ്ക്കാൻ സാഹചര്യം ഒരുക്കുന്നതും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ സംഗമവുമായി ഡിഎഫ്സി
മൂവാറ്റുപുഴ: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്തതിൽ കോതമംഗലം രൂപത ഡിഎഫ്സിയുടെ നേതൃത്വത്തിൽ രൂപതയിലെ മറ്റു സംഘടനകളുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിക്കു സമീപം പ്രതിഷേധസംഗമം സംഘടിപ്പിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മൂല്യവും മതസ്വാതന്ത്ര്യവും ലംഘിക്കുന്ന രീതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഡിഎഫ്സി രൂപതാ ഡയറക്ടർ റവ. ഡോ. ആന്റണി പുത്തൻകുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ലോറൻസ് ഏനാനിക്കൽ, സംസ്ഥാന ഉപദേശക സമിതി ചെയർമാൻ ജോയി നടുക്കുടി, രൂപതാ പ്രസിഡന്റ് ഡിഗോൾ കൊളന്പേൽ, എകെസിസി രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെ, നഗരസഭാംഗം ജോയ്സ് മേരി ആന്റണി, നിർമല മെഡിക്കൽ സെന്റർ മുൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോവിയറ്റ്, വൈഎംസിഎ പ്രസിഡന്റ് രാജേഷ് മാത്യു, വൈഡബ്ല്യുസിഎ പ്രസിഡന്റ് ഡോ. കുക്കു മത്തായി, തൊടുപുഴ ന്യൂമാൻ കോളജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രഫ. ജോജോ പാറത്തലയ്ക്കൽ, ഡിഎഫ്സി ഫൊറോന പ്രസിഡന്റ് ജേക്കബ് തോമസ് ഇരമംഗലത്ത് എന്നിവർ പ്രസംഗിച്ചു.