പിഞ്ചുകുഞ്ഞുങ്ങളാണ് സാർ... സംരക്ഷണ വേലിയില്ലാതെ ട്രാൻസ്ഫോർമർ
1579551
Tuesday, July 29, 2025 12:22 AM IST
ചെറുതോണി: അങ്കണവാടിയോട് ചേർന്നുള്ള ട്രാൻസ്ഫോർമറിനുപോലും സംരക്ഷണ വേലിയില്ല. മണിയാറൻകുടി-ചെമ്പകപ്പാറ ട്രാൻസ്ഫോർമറാണ് ചുറ്റുവേലിയില്ലാതെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്.
അങ്കണവാടിയുടെ മുന്നിൽ റോഡിന്റെ മറുവശത്ത് സ്ഥിതിചെയ്യുന്ന കെ എസ്ഇബിയുടെ ട്രാൻസ്ഫോർമറാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയായിരിക്കുന്നത്. ട്രാൻസ്ഫോർമറിന് സംരക്ഷണവേലി നിർമിക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതാണ്. ഇവിടെ സംരക്ഷണവേലി നിർമിക്കുന്നത് കെഎസ്ഇബിയുടെ ലിസ്റ്റിലുള്ളതാണെന്നു പറയാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നു.
വൈദ്യുതി വകുപ്പിന്റെ അനാസ്ഥയിൽ വൈദ്യുതി അപകടവും മരണവും പതിവായിട്ടും വ്യക്തമായ അനാസ്ഥ തുടരുന്നത് ജനങ്ങളുടെ ജീവനോടുള്ള ഉദ്യോഗസ്ഥരുടെ വെല്ലുവിളിയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ചെമ്പകപ്പാറ ട്രാൻസ്ഫോർമറിന് സമീപം അങ്കണവാടി കൂടാതെ വീടുകളുമുണ്ട്. വൈദ്യുതി അപകടങ്ങൾ വ്യാപകമായതോടെ കുട്ടികളെ അങ്കണവാടിയിൽ വിടാൻ രക്ഷിതാക്കൾ ആശങ്കപ്പെടുകയാണ്. എത്രയും വേഗം ട്രാൻസ്ഫോർമറിന് ആവശ്യമായ സംരക്ഷണവേലി നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.