സ്വാതന്ത്ര്യസമര സേനാനി വർക്കിച്ചൻ മണിമല ഓർമയായി
1579553
Tuesday, July 29, 2025 12:22 AM IST
കരിമണ്ണൂർ: സ്വാതന്ത്ര്യസമര സേനാനി പള്ളിക്കാമുറി മണിമല ഔസേപ്പ് ജോർജ് (വർക്കിച്ചൻ-96) യാത്രയായി. സ്കൂൾ പഠന കാലയളവിൽതന്നെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. സ്വാതന്ത്ര്യസമര സേനാനിയും മാതൃസഹോദരനുമായിരുന്ന ആർ.വി. തോമസിൽനിന്നു പ്രചോദനം ഉൾക്കൊണ്ടായിരുന്നു ഈ രംഗത്തേക്ക് ഇറങ്ങിത്തിരിച്ചത്. പിന്നീട് മീനച്ചിൽ താലൂക്ക് സ്റ്റുഡന്റ്സ് കോണ്ഗ്രസ് ഓർഗനൈസറായി പൊതുരംഗത്ത് സജീവമായ ഇദ്ദേഹം നിയമനിഷേധ പ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്.
മുണ്ടാങ്കൽ ലിറ്റിൽ ഫ്ളവർ സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. പിന്നീട് പാലാ സെന്റ് തോമസ് എച്ച്എസ്, എറണാകുളം സേക്രഡ് ഹാർട്ട് കോളജ്, തൃശൂർ കേരളവർമ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പാലാ റബർ കർഷക സംഘത്തിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. പിന്നീട് വെള്ളിയാമറ്റത്തെത്തിയ ഇദ്ദേഹം നാടിന്റെ വികസനത്തിനായും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഇദ്ദേഹത്തെ എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം, പ്രാദേശിക ക്ലബുകൾ, സാംസ്കാരിക സംഘടനകൾ തുടങ്ങിയവർ ആദരിച്ചിരുന്നു. പള്ളിക്കാമുറിയിൽ മൂത്ത മകൻ ജോസിനൊപ്പമായിരുന്നു താമസം. പയപ്പാർ മണിമല കൊച്ചൗസേപ്പ്-മറിയാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ റോസക്കുട്ടി. ഏഴ് മക്കളുണ്ട്.