ഉപ്പുതറ പഞ്ചായത്ത് ഭരണസമതിയുടെ തീരുമാനം വ്യാജമായി എഴുതിയുണ്ടാക്കിയെന്ന്
1579552
Tuesday, July 29, 2025 12:22 AM IST
ഉപ്പുതറ: പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാരനെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ പഞ്ചായത്ത് ഭരണസമതിയുടെ തീരുമാനം വ്യാജമായി എഴുതിയുണ്ടാക്കി ഹൈക്കോടതിയിൽ സമർപ്പിച്ചെന്ന് പരാതി. യഥാർഥ കമ്മിറ്റി തീരുമാനം മറച്ചുവച്ച് വ്യാജമായി തീരുമാനം എഴുതിയുണ്ടാക്കി കോടതിയിൽ നൽകിയെന്നാണ് പരാതി. വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല വിധിസമ്പാദിക്കാൻ സഹായിച്ച അസി. സെക്രട്ടറി, സെക്ഷൻ ക്ലർക്ക് എന്നിവർക്കെതിരേ ഹൈക്കോടതി രജിസ്ട്രാർ, ചീഫ് സെക്രട്ടറി, ഡിജിപി, വിജിലൻസ് ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ഉപ്പുതറ സിഐ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകി.
ആദിവാസി മേഖലയിലെ ലൈഫ് ഭവനപദ്ധതി ഉൾപ്പെടെ പൊതുമരാമത്ത് പ്രവൃത്തികൾ ബിനാമി പേരിൽ എടുക്കുകയും പണി പൂർത്തിയാക്കാതെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും കബളിപ്പിച്ചും ബില്ലുകൾ മാറിയെന്നും പഞ്ചായത്തിന് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ നഷ്ടമാക്കിയെന്നും ഉൾപ്പെടെയുള്ള പരാതികളിലാണ് പിരിച്ചുവിടൽ നടപടി സ്വീകരിച്ചത്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ച ബിബിൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം വ്യാജമായി എഴുതിയുണ്ടാക്കി ഹൈക്കോടതിയിൽ നൽകി അനുകൂല വിധി സമ്പാദിച്ചു.
സെക്ഷൻ ക്ലാർക്കാണ് വ്യാജരേഖയുണ്ടാക്കി നൽകിയത്. അസി. സെക്രട്ടറിയുടെ പദവിയും ഓഫീസ് സീലും ഇതിനായി ദുരുപയോഗം ചെയ്തു. പിരിച്ചുവിട്ട നടപടിയിൽ അപ്രൈസറി കമ്മിറ്റി തീരുമാനമെടുക്കണമെന്ന അനുകൂല വിധിയാണ് ഇയാൾ കോടതിയിൽ നിന്ന് നേടിയത്. പിന്നീട് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അപ്രൈസറി കമ്മിറ്റിയെ സ്വാധീനിച്ച് ഇയാൾ ഇപ്പോഴും പഞ്ചായത്തിൽ ജോലി ചെയ്യുകയാണ്.
പിരിച്ചുവിട്ട ബിബിനെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ വ്യാജരേഖയുണ്ടാക്കിയ ഉദ്യോഗസ്ഥർക്കും കൂട്ടുനിന്നവർക്കുമെതിരേ നിയമനടപടി ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ.ജേക്കബ് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിരിക്കുന്നത്.